ഹെൽമെറ്റില്ലാത്ത കുറ്റം;വൃദ്ധന്റെ മുഖത്തടിച്ച് പൊലീസ്
ഹെൽമെറ്റില്ലാത്തതിന് വൃദ്ധന്റെ മുഖത്തടിച്ച് പൊലീസ്. ചടയമംഗലം പൊലീസ് സ്റ്റേഷനിലെ പ്രൊബേഷൻ എസ്.ഐ ഷജീമാണ് വൃദ്ധന്റെ മുഖത്തടിച്ചത്. ദൃശ്യത്തിൽ വൃദ്ധനൊപ്പം മറ്റൊരു വ്യക്തിയെ കൂടി കാണാം. രാവിലെ ജോലിക്കായി പോയതാണ് ഇരുവരും. പിന്നിരുന്നയാൾ ഹെൽമെറ്റ് വച്ചിരുന്നില്ല.
തുടർന്ന് പൊലീസ് പരിശോധനയിൽ ഹെല്ഡമെറ്റ് വയ്ക്കാത്തതിന് പിഴ അടയ്ക്കണമെന്ന് പറഞ്ഞു. പക്ഷേ പിഴ തുക കൈയിൽ ഇല്ലാതിരുന്നതിനാൽ കോടതിയിൽ പോയി നേരിട്ടടച്ചോളാം എന്ന് ഇരുവരും ഉറപ്പ് നൽകി.
തുടർന്ന് ഇവരുടെ മൊബൈൽ ഫോൺ ഏൽപ്പിക്കണമെന്നായി പൊലീസ് വാദം. എന്നാൽ മൊബൈൽ ഫോൺ തരേണ്ട കാര്യമില്ലല്ലോ എന്ന് വൃദ്ധൻ പൊലീസിനോട് പറഞ്ഞതോടെ തർക്കം ഉണ്ടാകുകയും പൊലീസ് വൃദ്ധന്റെ മുഖത്തടിക്കുകയുമായിരുന്നു.
അതേസമയം, സംഭവത്തിൽ റൂറൽ എസ്.പി അന്വേഷണത്തിന് ഉത്തരവിട്ടു. സെപ്ഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി വിനോദിനാണ് അന്വേഷണ ചുമതല.