ഹൈടെക് സ്‌കൂള്‍ പദ്ധതി പൂര്‍ത്തീകരണ പ്രഖ്യാപനം നാളെ:ജില്ലയിലെ 1514 സ്‌കൂളുകളില്‍ സജ്ജീകരിച്ചത് 32992 ഐടി ഉപകരണങ്ങള്‍

0 174

ഹൈടെക് സ്‌കൂള്‍ പദ്ധതി പൂര്‍ത്തീകരണ പ്രഖ്യാപനം നാളെ:ജില്ലയിലെ 1514 സ്‌കൂളുകളില്‍ സജ്ജീകരിച്ചത് 32992 ഐടി ഉപകരണങ്ങള്‍

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ഹൈടെക് സ്‌കൂള്‍, ഹൈടെക് ലാബ് പദ്ധതികള്‍ ജില്ലയിലെ 1514 സര്‍ക്കാര്‍-എയിഡഡ് സ്‌കൂളുകളില്‍ പൂര്‍ത്തിയായി. പദ്ധതിയുടെപൂര്‍ത്തീകരണത്തിന്റേയും അതുവഴി പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമായി മാറുന്നതിന്റേയും പ്രഖ്യാപനം ഒക്ടോബര്‍ 12ന് തിങ്കളാഴ്ച 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും.
ജില്ലയില്‍ സര്‍ക്കാര്‍-എയിഡഡ് വിഭാഗത്തിലെ ഒന്നു മുതല്‍ 7 വരെ ക്ലാസുകളുള്ള 1173ഉം എട്ടു മുതല്‍ 12 വരെ ക്ലാസുകളുള്ള 341ഉം ഉള്‍പ്പെടെ മൊത്തം 1514 സ്‌കൂളുകളിലാണ് ഹൈടെക് വല്‍ക്കരണം പൂര്‍ത്തിയായത്. ഇതിന്റെ ഭാഗമായി കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്)  10325 ലാപ്‌ടോപ്പ്, 6120 മള്‍ട്ടിമീഡിയ പ്രൊജക്ടര്‍, 8840 യുഎസ്ബി സ്പീക്കര്‍, 3558 മൗണ്ടിംഗ് അക്‌സസറീസ്, 2792 സ്‌ക്രീന്‍, 334 ഡിഎസ്എല്‍ആര്‍ ക്യാമറ, 341 മള്‍ട്ടിഫംഗ്ഷന്‍ പ്രിന്റര്‍, 341 എച്ച്ഡി വെബ് കാം, 341 ടെലിവിഷനുകള്‍ എന്നിവ ജില്ലയില്‍ സജ്ജീകരിച്ചു. 1287 സ്‌കൂളുകളില്‍ ഹൈസ്പീഡ് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യം ഏര്‍പ്പെടുത്തി. ജില്ലയില്‍ 148ലിറ്റില്‍ കൈറ്റ്‌സ് ഐടി ക്ലബ് യൂണിറ്റുകളിലായി 8246 അംഗങ്ങളുണ്ട്. 16562അധ്യാപകര്‍ ജില്ലയില്‍ പ്രത്യേക ഐടി പരിശീലനം നേടി.
പദ്ധതിക്കായി ജില്ലയില്‍ കിഫ്ബിയില്‍ നിന്നും 49.32 കോടിയും പ്രാദേശിക തലത്തില്‍ സമാഹരിച്ച 14.62 കോടിയും ഉള്‍പ്പെടെ 63.94 കോടി രൂപ ചെലവഴിച്ചതായി കൈറ്റ് സിഇഒ കെ അന്‍വര്‍ സാദത്ത് അറിയിച്ചു. പ്രഖ്യാപന ചടങ്ങ് തിങ്കളാഴ്ച 11 മണിക്ക് കൈറ്റ് വിക്ടേഴ്‌സ് ചാനലില്‍ തത്സമയം സംപ്രേഷണം ചെയ്യും.