ഹരി എസ് കർത്തയുടെ നിയമനം തന്റെ തീരുമാനം; സർക്കാരിന്റെ തൃപ്തിയും അതൃപ്തിയും വിഷയമല്ല: ഗവർണർ

0 792

ഹരി എസ് കർത്തയുടെ നിയമനം തന്റെ തീരുമാനമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിയമനത്തിൽ സർക്കാരിന്റെ തൃപ്തിയും അതൃപ്തിയും വിഷയമല്ല. ഹരി എസ് കർത്ത സജീവ രാഷ്ട്രീയക്കാരനല്ല. നിയമനം രാഷ്ട്രീയം പരിഗണിച്ചല്ല, കഴിവ് മാനിച്ചാണ്. നിയമനത്തിന് പിന്നാലെ ഹരി എസ് കർത്ത മറ്റ് പദവികൾ ഒഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ലോകായുക്ത ഓർഡിനൻസിൽ ബി ജെ പി യുടെ അതൃപ്തി കാര്യമാക്കുന്നില്ല. രാഷ്ട്രീയ പാർട്ടികളുടെ അഭിപ്രായം നോക്കിയല്ല താൻ നിലപാട് സ്വീകരിക്കുന്നതെന്നും ഗവർണർ പറഞ്ഞു.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അഡീഷണല്‍ പി എ ആയി ബിജെപി സംസ്ഥാന സമിതി അംഗം ഹരി എസ് കര്‍ത്തായെ നിയമിച്ച് ഇന്നലെയാണ് ഉത്തരവിറക്കിയത്. ഗവര്‍ണറുടെ അഡീഷണല്‍ പിഎ ആയി ബിജെപി സംസ്ഥാന സമിതി അംഗവും ബിജെപിയുടെ സംസ്ഥാനത്തെ മീഡിയ സെല്ലിന്റെ മുന്‍ കണ്‍വീനറുമായ ഹരി എസ് കര്‍ത്തയെ നിയമിക്കാന്‍ ഗവര്‍ണര്‍ സര്‍ക്കാരിനോടി ആവശ്യപ്പെട്ടിരുന്നു.

തുടര്‍ന്നാണ് ഹരി എസ് കര്‍ത്തയെ അഡീഷണല്‍ പിഎ ആയി സര്‍ക്കാര്‍ നിയമിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അതൃപ്തി അറിയിച്ചു. സജീവ രാഷ്ട്രീയത്തിലുള്ളവരെ ഗവര്‍ണറുടെ സ്റ്റാഫില്‍ നിയമിക്കുന്ന കീഴ്വഴക്കം ഇല്ലെന്ന് സര്‍ക്കാര്‍ കത്തിലൂടെ അറിയിച്ചു.

ഗവര്‍ണറെ അതൃപ്തി അറിയിച്ചു കൊണ്ടാണ് നിയമന ഉത്തരവിറക്കിയത്. നിയമനത്തോടൊപ്പം ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയ്ക്ക് അയച്ച കത്തിലാണ് സര്‍ക്കാര്‍ നിയമനത്തിലുള്ള വിയോജിപ്പ് വ്യക്തമാക്കിയത്. ഗവര്‍ണര്‍ താല്പര്യം അറിയിച്ചത് കൊണ്ടാണ് ഹരി എസ് കര്‍ത്തായെ നിയമിച്ചതെന്നും രാജ്ഭവന് നല്‍കിയ കത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.