പ്രതീക്ഷ തെറ്റിയില്ല, ബോക്സ് ഓഫീസില്‍ തരംഗമായി അവതാര്‍ 2

0 360

ലോസാഞ്ചലസ്: ജെയിംസ് കാമറൂൺ വെള്ളിത്തിരയിലെത്തിച്ച വിസ്മയ ചിത്രം ‘അവതാർ ദ വേ ഓഫ് വട്ടർ’ രണ്ട് ബില്യൺ ഡോളർ ക്ലബ്ബിലെത്തി. ലോകമെമ്പാടും റിലീസ് ചെയത ചിത്രത്തിന്റെ ആഗോള ബോക്‌സ് ഓഫീസ് കളക്ഷൻ 16000 കോടിയാണ്. ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളുടെ പട്ടികയിൽ ആറാം സ്ഥാനത്താണ് നിലവിൽ അവതാറിന്റെ രണ്ടാം ഭാഗം. സ്‌പൈഡർമാൻ നോ വേ ഹോമിനെ മറികടന്നിരിക്കുകയാണ് അവതാർ ദ വേ ഓഫ് വാട്ടർ.

അവതാറിന്റെ ഒന്നാം ഭാഗം തന്നെയാണ് നിലവിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം. ജെയിംസ് കാമറൂണിന്റെ തന്നെ സംവിധാനത്തിൽ 2009 ഡിസംബർ 18 നാണ് ചിത്രം തിയേറ്ററിലെത്തിയത്. റിലീസ് ചെയ്ത് 13 വർഷങ്ങൾ പിന്നിട്ടിട്ടും അവതാര്‍ നേടിയ ബോക്‌സ് ഓഫീസ് കളക്ഷൻ മറ്റൊരു ചിത്രത്തിനും നേടാനായിട്ടില്ല.

അതേസമയം ജെയിംസ് കാമറൂണിന്‍റെ എക്കാലത്തേയും മികച്ച ക്ലാസിക്കുകളില്‍ ഒന്നായ ‘ടൈറ്റാനിക്’ വീണ്ടും പ്രേക്ഷകരിലേക്കെത്താനൊരുങ്ങുന്നുവെന്ന വാര്‍ത്തയും പുറത്ത് വന്നിരുന്നു. ചിത്രത്തിന്റെ 25ാം വാർഷികത്തിന്റെ ഭാഗമായാണ് വീണ്ടും തിയേറ്ററിലേക്കെത്തിക്കാനൊരുങ്ങുന്നത്. ടൈറ്റാനികിന്‍റെ അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. 4 കെ 3 ഡിയിലേക്ക് റീമാസ്റ്ററിങ് നടത്തിയാണ് ഇത്തവണ ചിത്രം തിയേറ്ററിലേക്കെത്തുക. പുതിയ ട്രെയിലറും അണിയറപ്രവർത്തകർ പുറത്ത് വിട്ടു. ഫെബ്രുവരി 10 ന് ടൈറ്റാനിക് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ 4 കെ. 3 ഡിയിലേക്ക് റീമാസ്റ്റര്‍ ചെയ്ത കോപ്പി റിലീസിനെത്തും. 1997 ലാണ് ക്രിസ്മസ് റിലീസായി ആദ്യമായി ചിത്രം പ്രക്ഷകരിലേക്കെത്തിയത്.