ഇരിട്ടി: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പക്ഷിപ്പനിയും മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്തതോടെ കുടകില്‍ ജില്ലാഭരണകൂടം പ്രതിരോധ നടപടികള്‍ കര്‍ശനമാക്കി. ആഴ്ചച്ചന്ത നിരോധനത്തോടൊപ്പം മേഖലയില്‍ ഹോട്ടലുകളും മാളുകളും അടച്ചിടാനുള്ള നടപടികളും ആരംഭിച്ചു. പുറമെനിന്നുള്ളവരെ നിരീക്ഷിക്കാന്‍ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പോലീസിനേയും ആരോഗ്യവകുപ്പിലെ വോളണ്ടിയര്‍മാരേയും നിയോഗിച്ചു.ജില്ലയിലെ പ്രധാന നഗരങ്ങളായ വീരാജ്പേട്ട, സിദ്ധാപുരം, ഗോണികുപ്പ, മടിക്കേരി, കുശാല്‍നഗര്‍, സോമവാര്‍പേട്ട എന്നിവിടങ്ങളില്‍ വ്യാപാരമേഖല സ്തംഭനത്തിലേക്ക് നീങ്ങുകയാണ്. മേഖലയില്‍ 100 ഓളം പേരാണ് നിരീക്ഷണത്തിലുള്ളത്. രാജാസ് ട്രീറ്റ് ഉള്‍പ്പെടെ കുടകിലെ വിനോദ സഞ്ചാര മേഖലകളെല്ലാം ജില്ലാ ഭരണകൂടം അടച്ചിട്ടു.
ടൗണിലേക്ക് എത്തുന്നവരുടെ എണ്ണം മൂന്നിലൊന്നായി കുറഞ്ഞതോടെ വ്യാപാര മേഖല കടുത്ത പ്രതിസന്ധിയിലാണ്. മേഖലയിലെ വ്യാപാരികളില്‍ നല്ലൊരു ശതമാനം മലയാളികളാണ്. തലശേരി, പാനൂര്‍, വടകര, കോഴിക്കോട്, ഇരിക്കൂര്‍ ഭാഗങ്ങളിലുള്ളവരാണ് ഭൂരിഭാഗം.പലരും കട പൂട്ടി നാട്ടിലേക്ക് വരാന്‍ ഒരുങ്ങുകയാണ്. ജില്ലാ കളക്ടര്‍ ആനീസ് കണ്മണി ജോയിയുടെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം അവലോകന യോഗം ചേര്‍ന്നു. ഭീതിജനകമായ സാഹചര്യമൊന്നും ഇപ്പോഴില്ലെന്നും മുന്‍കരുതല്‍ നടപടികളില്‍ അല്പം പോലും ലാഘവം ഉണ്ടാകാന്‍ പാടില്ലെന്നും തീരുമാനിച്ചു.