മാർച്ചിൽ രാജ്യത്തെ വ്യവസായ ഉത്പാദനത്തിൽ വമ്പൻ ഇടിവ്.
മാർച്ചിലെ വ്യവസായ ഉത്പാദനസൂചിക (ഐഐപി) 16.7 ശതമാനം ഇടിഞ്ഞു. കോവിഡ്-19-നെത്തുടർന്ന് ഏർപ്പെടുത്തിയ ലോക്ക്ഡൗണാണ് ഇത്ര വലിയ തകർച്ചയ്ക്കു കാരണം. ഫെബ്രുവരിയിൽ 7.1 ശതമാനം വളർച്ച ഉണ്ടായിരുന്നതാണ്.ഇതോടെ 2019-20 സാന്പത്തികവർഷം രാജ്യത്തെ വ്യവസായ ഉത്പാദനം 0.7 ശതമാനം കുറഞ്ഞു.
ഫാക്ടറി ഉത്പാദനത്തിലാണ് ഏറ്റവും വലിയ ഇടിവ്. മാർച്ചിൽ 20.6 ശതമാനമാണ് ഫാക്ടറി ഉത്പാദനത്തിലുണ്ടായ താഴ്ച. വർഷം മുഴുവനെടുത്താൽ 1.6 ശതമാനം ഇടിവ്. വൈദ്യുതി ഉത്പാദനം മാർച്ചിൽ 6.8 ശതമാനം കുറഞ്ഞു. ഖനന മേഖലയിൽ വളർച്ച ഒട്ടും ഉണ്ടായില്ല.
ഭക്ഷ്യപദാർഥങ്ങൾ (10.5 ശതമാനം), പാനീയങ്ങൾ (6.4), പുകയില ഉത്പന്നങ്ങൾ (14.4), തുണി (13.1), വസ്ത്രങ്ങൾ (20.5), തുകലുത്പന്നങ്ങൾ (15.3), തടി ഉത്പന്നങ്ങൾ (26.5), കടലാസ് (28.7), അച്ചടിയും റിക്കാർഡിംഗും (25.3), രാസവസ്തുക്കൾ (26.5), ഔഷധങ്ങൾ (18.8), റബർ-പ്ലാസ്റ്റിക് ഉത്പന്നങ്ങൾ (27.1), ധാതുദ്രവ്യങ്ങൾ (23), ലോഹ ഉത്പന്നങ്ങൾ (33.2), കംപ്യൂട്ടർ-ഇലക്ട്രോണിക്സ് (41.7), വാഹനങ്ങൾ (49.6) എന്നീ തോതിലാണ് വിവിധ മേഖലകളിലെ തളർച്ച. ഗൃഹോപകരണ ഉത്പാദനത്തിൽ 33.1 ശതമാനം ഇടിവുണ്ട്.