ഒച്ചിഴയും വേഗം! ഐപിഎല്‍ ആരാധകരുടെ ക്ഷമ പരീക്ഷിച്ച് ജിയോ സിനിമ; പരാതി പ്രളയം, ഒടുവില്‍ മാപ്പ്

0 821

അഹമ്മദാബാദ്: ഐപിഎല്‍ പതിനാറാം സീസണ്‍ ടെലിവിഷനിലും മൊബൈല്‍ സ്‌ക്രീനുകളിലും 4K ദൃശ്യമികവോടെയാണ് എത്തിയത്. എന്നാല്‍ ജിയോ സിനിമയിലൂടെ ഉദ്ഘാടന മത്സരം കണ്ട ആരാധകര്‍ വ്യാപക പരാതിയാണ് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചത്. മത്സരത്തിനിടെ ബഫറിംഗ് അടക്കമുള്ള പ്രശ്‌നങ്ങള്‍ പല തവണ നേരിട്ടതായാണ് പരാതി. #JioCrash എന്ന ഹാഷ്‌ടാഗില്‍ നിരവധി ട്വീറ്റുകളാണ് ഉദ്ഘാടന മത്സരം നടന്ന വെള്ളിയാഴ്‌ച രാത്രി ട്വിറ്ററില്‍ നിറഞ്ഞത്. ഗുജറാത്ത് ടൈറ്റന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്‌സും തമ്മിലായിരുന്നു മത്സരം.

എന്നാല്‍ ആരാധകരുടെ പരാതികള്‍ നിറഞ്ഞതോടെ പ്രതികരണവുമായി ജിയോ സിനിമ രംഗത്തെത്തി. ആപ്പ് വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്‌ത ശേഷം പരിശോധിക്കാനാണ് ജിയോ സിനിമ അധികൃതര്‍ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടത്. തുടര്‍ന്നും പ്രശ്‌നങ്ങള്‍ നേരിടുകയാണെങ്കില്‍ ഷോര്‍ട് വീഡിയോയും സ്‌ക്രീന്‍ ഷോട്ടുകളും ഡിവൈസ് വിവരങ്ങളും അറിയിക്കണമെന്നും ജിയോ സിനിമയുടെ പ്രതികരണ ട്വീറ്റിലുണ്ടായിരുന്നു. ആരാധകരുടെ ക്ഷമയെ മാനിക്കുന്നതായും പ്രശ്‌നം എത്രയും വേഗം പരിഹരിക്കാനാകും എന്നാണ് പ്രതീക്ഷയെന്നും ജിയോ സിനിമ അധികൃതര്‍ വ്യക്തമാക്കി.

മത്സരത്തില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സ് വിജയത്തുടക്കം നേടി. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ 5 വിക്കറ്റിനാണ് ഗുജറാത്ത് തോൽപ്പിച്ചത്. ചെന്നൈയുടെ 178 റൺസ് നാല് പന്ത് ശേഷിക്കേ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ ഗുജറാത്ത് മറികടന്നു. വൃദ്ധിമാന്‍ സാഹ(16 പന്തില്‍ 25) മിന്നല്‍ തുടക്കം നല്‍കിയപ്പോള്‍ 36 പന്തില്‍ 63 നേടിയ ശുഭ്‌മാന്‍ ഗില്‍ തന്‍റെ ക്ലാസ് ഒരിക്കല്‍ കൂടി തെളിയിച്ചു. വിജയ് ശങ്കറും(21 പന്തില്‍ 27), രാഹുല്‍ തെവാട്ടിയയും(14 പന്തില്‍ 15*), റാഷിദ് ഖാനും(3 പന്തില്‍ 10*) ചേര്‍ന്ന് ഗുജറാത്തിനെ ജയത്തിലെത്തിച്ചു. മൂന്ന് പന്തില്‍ 10 റണ്‍സും 26ന് രണ്ട് വിക്കറ്റും നേടിയ റാഷിദ് ഖാനാണ് കളിയിലെ താരം. സ്കോർ: ചെന്നൈ- 178/7 (20), ഗുജറാത്ത്- 182/5 (19.2).