‘സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തുന്നു’; രൺവീർ സിങ്ങിനെതിരെ പരാതി

0 643

മുംബൈ: നഗ്ന ഫോട്ടോഷൂട്ട് നടത്തിയ ബോളിവുഡ് നടൻ രൺവീർ സിങ്ങിനെതിരെ കേസ്. സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച ചിത്രങ്ങളിലൂടെ സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് രണ്ട് പരാതികൾ മുംബൈ പൊലീസിന് ലഭിച്ചത്. കിഴക്കൻ മുംബൈ സബർബ് ആസ്ഥാനമായുള്ള എൻജിഒ ഭാരവാഹിയും ഒരു വനിതാ അഭിഭാഷകയുമാണ് പരാതിക്കാർ.ഇരുവരും ചെമ്പൂർ പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്.

ഫോട്ടോകളിലൂടെ നടൻ സ്ത്രീകളുടെ വികാരത്തെ വ്രണപ്പെടുത്തുകയും അവരുടെ എളിമയെ അപമാനിക്കുകയും ചെയ്തുവെന്നാണ് എൻജിഒ ഭാരവാഹിയുടെ പരാതി . നടനെതിരെ ഐടി ആക്ട് പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവും കേസ് രജിസ്റ്റർ ചെയ്യണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.

സ്ത്രീകളോടുള്ള മാന്യതയെ പ്രകോപിപ്പിക്കാൻ ഉദ്ദേശിച്ചുള്ള കുറ്റത്തിന് രൺവീറിനെതിരെ കേസെടുക്കണമെന്നാണ് അഭിഭാഷകയുടെ പരാതി. പരാതി ലഭിച്ചതായി പൊലീസും സ്ഥിരീകരിച്ചു. എന്നാൽ ഇതുവരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

നഗ്ന ഫോട്ടോകൾ പുറത്ത് വന്നതോടെ വലിയ രീതിയിലുള്ള ട്രോളുകളാണ് രൺവീർ സിങ്ങ് നേരിടുന്നത്. നിരവധി വിമർശനങ്ങൾ നേരിടുമ്പോഴും ഒരുപാട് സെലിബ്രിറ്റികൾ രൺവീറിന് പിന്തുണച്ചിട്ടുണ്ട്. അർജുൻ കപൂർ, സ്വര ഭാസ്‌കർ,ആലിയ ഭട്ട് തുടങ്ങി നിരവധി താരങ്ങൾ രൺവീർ സിംങ്ങിന്‍റെ ഫോട്ടോഷൂട്ടിന് പിന്തുണ നൽകിയിട്ടുണ്ട്

Get real time updates directly on you device, subscribe now.