2.9 കോടി ഡോസ് ഹൈഡ്രോക്സിക്ലോറോക്വിൻ മരുന്നാണ് ഇന്ത്യയിൽനിന്നു യുഎസ് കഴിഞ്ഞ ദിവസം വാങ്ങിയത്. പ്രതിരോധമരുന്നു വികസിപ്പിക്കും വരെ കോവിഡ് ചികിത്സയിൽ ഫലപ്രദമായേക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവർത്തിക്കുന്ന ഗുളികയാണ് ഹൈഡ്രോക്സിക്ലോറോക്വിൻ. ഇതിന്റെ കയറ്റുമതി നിരോധനം ഇന്ത്യ ഭാഗികമായി പിൻവലിച്ചതു ചൊവ്വാഴ്ചയാണ്. ഗുജറാത്ത് ആസ്ഥാനമായുള്ള മൂന്നു കമ്പനികളാകും യുഎസിലേക്കു ഗുളിക കയറ്റുമതി ചെയ്യുക.
കയറ്റുമതി നിരോധനത്തിനു മുൻപേ യുഎസ് ഓർഡർ നൽകിയ ഗുളികകളുടെ വിതരണം തടസ്സപ്പെടരുതെന്ന ആവശ്യവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ ബന്ധപ്പെട്ടിരുന്നതായി ട്രംപ് പറഞ്ഞിരുന്നു. മോദി അനുകൂലമായി പ്രതികരിച്ചെന്നും വെളിപ്പെടുത്തി. ഹൈഡ്രോക്സിക്ലോറോക്വിൻ കയറ്റുമതിക്ക് ഇന്ത്യ അനുവദിച്ചില്ലെങ്കിൽ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യ കയറ്റുമതി നിരോധനത്തിൽ ഇളവു വരുത്തിയത്.