”ആരെയും ആക്രമിക്കാനുള്ള ഭാഷ എനിക്കറിയില്ല, അത് എന്റെ സ്വഭാവത്തിലും ഇല്ല,” : പ്രധാനമന്ത്രി

0 1,425

”ആരെയും ആക്രമിക്കാനുള്ള ഭാഷ എനിക്കറിയില്ല, അത് എന്റെ സ്വഭാവത്തിലും ഇല്ല,” : പ്രധാനമന്ത്രി

ആരെയും ആക്രമിക്കാനുള്ള ഭാഷ തനിക്കറിയില്ലെന്നും, അത് തന്റെ സ്വഭാവത്തിൽ ഇല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. വാർത്ത ഏജൻസിയായ എ.എൻഐക്കു നൽകിയ പ്രത്യേക അഭിമുഖത്തിലാണ് പ്രധാനമന്ത്രിയുടെ പരാമർശം. അതേസമയം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ രൂക്ഷമായ ഭാഷയിലാണ് പ്രധാനമന്ത്രി വിമർശിച്ചത്. ഇന്ത്യ-ചൈന അതിർത്തി തർക്കം, വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ, പണപ്പെരുപ്പം തുടങ്ങിയ വിഷയങ്ങളിൽ പാർലമെന്റിൽ വ്യക്തത നൽകാത്തതിനെ തുടർന്ന് രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനെ കടന്നാക്രമിച്ചിരുന്നു.

തന്നെ കേൾക്കാത്ത, സഭയിൽ ഇരിക്കാത്ത വ്യക്തിയെന്നാണ് പ്രധാനമന്ത്രി രാഹുലിനെ വിശേഷിപ്പിച്ചത്. ”ഞാനും എന്റെ സർക്കാരും ആരെയും ആക്രമിക്കുന്നില്ല, തുറന്ന ചർച്ച ആഗ്രഹിക്കുന്നവരാണ് ഞങ്ങൾ, യുക്തിയുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിൽ മാത്രമാണ് ഞാൻ സംസാരിക്കുന്നത്, മാധ്യമങ്ങൾ സഭയിലെ എന്റെ വാക്കുകൾ ദുർവ്യാഖ്യാനിച്ച് ചില വിവാദങ്ങൾ ഉണ്ടാക്കും”, പ്രധാനമന്ത്രി അഭിമുഖത്തിൽ വ്യക്തമാക്കി. ലോക്സഭയിലും രാജ്യസഭയിലും രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനു ശേഷം നടന്ന നന്ദിപ്രമേയ പ്രസംഗത്തിനിടെ രാഹുലിന്റെ വിമർശനങ്ങൾക്ക് പ്രധാനമന്ത്രി മറുപടി നൽകിയില്ലെന്നും കോൺഗ്രസിനെ കടന്നാക്രമിക്കുന്നതിലാണ് പ്രധാനമന്ത്രി ഊന്നൽ നൽകിയതെന്നുമുള്ള രാഹുലിന്റെ വിമർശനത്തിന് മറുപടി നൽകുകയായിരുന്നു പ്രധാനമന്ത്രി.

”ഞാൻ വസ്തുതകളുടെ അടി്സ്ഥാനത്തിലാണ് സംസാരിക്കുന്നത്, ചില വിഷയങ്ങളിൽ, നമ്മുടെ വിദേശകാര്യ മന്ത്രാലയവും പ്രതിരോധ മന്ത്രാലയവും വിശദമായ മറുപടി നൽകുന്നുമുണ്ട്, ആവശ്യമുള്ളിടത്തെല്ലാം ഞാനും സംസാരിച്ചു, എന്നെ കേൾക്കാത്ത, സഭയിൽ ഇരിക്കാത്ത ഒരു വ്യക്തിയോട് (രാഹുൽ ഗാന്ധിയോട്) ഞാൻ എങ്ങനെ സംസാരിക്കും”, പ്രധാനമന്ത്രി ചോദിച്ചു.

”കോൺഗ്രസിന്റെ ചിന്ത ‘അർബൻ നക്സലുകൾ’ ഹൈജാക്ക് ചെയ്തിരിക്കുന്നു. കോൺഗ്രസ് ഇല്ലായിരുന്നെങ്കിൽ അടിയന്തരാവസ്ഥയും ജാതി രാഷ്ട്രീയവും ഉണ്ടാകില്ലായിരുന്നു, സിഖുകാരെ ഒരിക്കലും കൂട്ടക്കൊല ചെയ്യുമായിരുന്നില്ല”, ഫെബ്രുവരി 8 ന് രാജ്യസഭയിൽ കോൺഗ്രസിനെ ആക്ഷേപിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.