ചെയർമാനെ മാറ്റണമെന്ന് ഞാനല്ല പറയേണ്ടത്,വൈദ്യുതി മന്ത്രിയാണ് – എം.എം മണി

1,447

കെ.എസ്.ഇ.ബി ചെയർമാനെ മാറ്റണമെന്ന് താൻ അല്ല വൈദ്യുതി മന്ത്രി കൃഷ്ണൻകുട്ടിയാണ് തീരുമാനിക്കേണ്ടതെന്ന് മുൻ വൈദ്യുതി മന്ത്രിയും എം.എൽ.എയുമായ എം.എം മണി. രാജാക്കാട് സൊസെറ്റിക്ക് ഭൂമി അനുവദിച്ചത് വൈദ്യുതി ബോർഡാണ്.വൈദ്യുതി ബോർഡ് ചെയ്യുന്ന എല്ലാ കാര്യവും മന്ത്രി അറിയണമെന്നൊന്നും ഇല്ലെന്നും എം.എൽ.എ പറഞ്ഞു.

മന്ത്രിയായിരുന്ന കാലത്ത് ആര്യാടൻ സ്വന്തക്കാർക്ക് മാട്ടുപെട്ടിയിലും മറ്റും ഭൂമി കൊടുത്തതിന്റെ തെളിവ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് നൽകാം. പുറത്തു നിന്നു വൈദ്യുതി വാങ്ങാൻ ഉമ്മൻ ചാണ്ടി സർക്കാർ എടുത്ത തീരുമാനമാണ് കെ.എസ്.ഇ.ബിയെ നഷ്ടത്തിലേക്ക് തള്ളിയിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസയമം കെ.എസ്.ഇ.ബി ഭൂമി കൈമാറ്റം റദ്ദാക്കണമെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. നിയമവിരുദ്ധ കൈമാറ്റം എംഎം മണി മന്ത്രിയായിരുന്ന കാലത്താണെന്നും കോടിക്കണക്കിന് രൂപ നഷ്ടപ്പെട്ടതിന്റെ ഭാരം സാധാരണക്കാരന്റെ തലയിൽ ചാർജ് വർധനവിലൂടെ കെട്ടിവെയ്ക്കാമെന്ന് കരുതേണ്ടെന്നും വിഡി സതീശൻ വ്യക്തമാക്കി.പുറമ്പോക്ക് ഭൂമി റവന്യൂ വകുപ്പിന്റെയോ സർക്കാരിന്റെയോ അനുമതി ഇല്ലാതെ നിയമവിരുദ്ധമായാണ് കൈമാറ്റം ചെയ്തത്.

എം.എം മണി വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ബന്ധുക്കൾക്കും സി.പി.എം സംഘങ്ങൾക്കും നൂറ് കണക്കിന് ഏക്കർ ഭൂമിയാണ് ഇത്തരത്തിൽ കൈമാറിയത്. എം.എം മണിയുടെ മരുമകൻ പ്രസിഡന്റായ ബാങ്കിനും ഭൂമി നൽകിയിട്ടുണ്ട്. പുറമ്പോക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പിനാണ്. സർക്കാരിന്റെ ഭൂമി ബന്ധക്കാർക്കും പാർട്ടിക്കാർക്കും കൊടുത്തതിനെയാണ് പ്രതിപക്ഷം എതിർക്കുന്നത്- വിഡി സതീശൻ വ്യക്തമാക്കി.