ഐസിഎസ്‌ഇ, ഐഎസ്സി പരീക്ഷകളും മാറ്റിവച്ചു
തിരുവനന്തപുരം> ഇന്ത്യന്‍ സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്സാമിനേഷന്‍ കൗണ്‍സില്‍ ഐസിഎസ്‌ഇ , ഐഎസ്സി പരീക്ഷകളും മാറ്റിവച്ചു. കോവിഡ് 19 പശ്ചാത്തലത്തിലാണ് 31 വരെയുള്ള പരീക്ഷകള്‍ മാറ്റിയത്. ഷെഡ്യൂള്‍ പ്രകാരം ഐസിഎസ്‌ഇ (ക്ലാസ് 10) 30നും, ഐഎസ്സി (ക്ലാസ് 12 ) പരീക്ഷകള്‍ 31 നും അവസാനിക്കേണ്ടതായിരുന്നു. 12–-ാംക്ലാസ് പരീക്ഷകള്‍ ഫെബ്രുവരി മൂന്നിനും പത്താം ക്ലാസ് പരീക്ഷകള്‍ ഫെബ്രുവരി 27നുമാണ് ആരംഭിച്ചത്.
കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് 31 വരെയുള്ള സിബിഎസ്‌ഇ 10,12 ക്ലാസുകളില്‍ അവശേഷിക്കുന്ന ബോര്‍ഡ് പരീക്ഷകള്‍ മാറ്റിവയ്ക്കാന്‍ ബുധനാഴ്ച വൈകിട്ട് തീരുമാനിച്ചിരുന്നു. കേരളത്തില്‍ സിബിഎസ്‌ഇയുടെ 10–-ാം ക്ലാസ് പരീക്ഷ പൂര്‍ത്തിയായിട്ടുണ്ട്. 20ന് നിശ്ചയിച്ച ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്നോളജി, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ പരീക്ഷകളാണ് ദേശീയതലത്തില്‍ ബാക്കിയുള്ളത്.12–-ാം ക്ലാസില്‍ സിബിഎസ്‌ഇയുടെ കൊമേഴ്സ്, ആര്‍ട്സ് സ്ട്രീം പരീക്ഷകള്‍ ബാക്കിയുണ്ട്. ഡല്‍ഹി കലാപ പ്രദേശങ്ങളില്‍ മാറ്റിവച്ച പരീക്ഷകളും ഇരുവിഭാഗത്തിലും അവശേഷിക്കുന്നുണ്ട്.