മഴ കനത്താല്‍ ആശങ്ക,​ ഇടുക്കി അണക്കെട്ടിലെ മൂന്ന് ജനറേറ്ററുകള്‍ പ്രവര്‍ത്തിക്കുന്നില്ല, പ്രതിസന്ധി

0 422

മഴ കനത്താല്‍ ആശങ്ക,​ ഇടുക്കി അണക്കെട്ടിലെ മൂന്ന് ജനറേറ്ററുകള്‍ പ്രവര്‍ത്തിക്കുന്നില്ല, പ്രതിസന്ധി

ഇടുക്കി: ഇടുക്കി അണക്കെട്ടിലെ മൂന്ന് ജനറേറ്ററുകള്‍ പ്രവര്‍ത്തിക്കാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു. വേനല്‍മഴ കനത്താല്‍ വൈദ്യുതോല്‍പ്പാദനം കൂട്ടി ജലനിരപ്പ് താഴ്ത്താന്‍ കഴിയില്ലെന്നതാണ് പ്രതിസന്ധിക്കിടയാക്കുന്നത്. ഉംപുന്‍ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് ജില്ലയില്‍ ഇപ്പോള്‍ ശക്തായ മഴയാണ്. മൂന്ന് ജനറേറ്ററുകളും പ്രവര്‍ത്തനക്ഷമമാക്കാന്‍ മാസങ്ങള്‍ വേണ്ടിവരുമെന്നാണ് അറിയുന്നത്.

ആറ് ജനറേറ്ററുകളാണ് ഇടുക്കി ഡാമിലുള്ളത്. നിലവില്‍ഇതില്‍ മൂന്നെണ്ണം മാത്രമാണ് പ്രവര്‍ത്തിക്കുന്നത് . മൂന്ന് മാസം മുമ്ബുണ്ടായ പൊട്ടിത്തെറികളില്‍ രണ്ട് ജനറേറ്ററുകള്‍ തകരാറിലായി. ഒരെണ്ണം വാര്‍ഷിക അറ്റകുറ്റ പണിയിലാണ്. ഇത് കഴിഞ്ഞ മേയ് പത്തിന് പ്രവര്‍ത്തനക്ഷമമാക്കാമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ ലോക്ക് ഡൗണ്‍ പ്രതീക്ഷകള്‍ തെറ്റിച്ചു. ഈ മാസം അവസാനത്തോടെ ഈ ജനറേറ്ററിന്റെ പണിപൂ‍ര്‍ത്തിയാക്കുമെന്നാണ് കെ.എസ്.ഇ.ബി പറയുന്നത്.

എന്നാല്‍, മറ്റ് ജനറേറ്ററുകള്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിന് വിദേശത്ത് നിന്ന് സാമഗ്രഹികള്‍ കൊണ്ടുവരണം.തൊഴിലാളികളും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തണം.ഇതിന് വേണ്ട നടപടികള്‍ കെ.എസ്.ഇ.ബി അധികൃതര്‍ കൈക്കൊണ്ടിട്ടില്ലെന്നാണ് അറിയുന്നത്. നിലവില്‍ ഡാമിലെ ജലനിരപ്പ് 41 ശതമാനമാണ്.

കഴിഞ്ഞ വര്‍ഷം ജൂണ്‍ ഒന്നിന് ഡാമില്‍ ഉണ്ടായിരുന്നത് വെറും 19 ശതമാനം വെള്ളം മാത്രമായിരുന്നു. മഴ കനത്താല്‍ ഒന്നരമാസത്തിനുള്ളില്‍ ഡാം നിറയും. ഇതൊഴിവാക്കാന്‍ വൈദ്യുതോത്പാദനം കൂട്ടണം. ആറ് ജനറേറ്ററുകളും ഒന്നിച്ച്‌ പ്രവര്‍ത്തിപ്പിച്ചാല്‍ 1.8 കോടി യൂണിറ്റ് വൈദ്യുതി ഒരു ദിവസം ഉത്പാദിപ്പിക്കാം. എന്നാല്‍,നിലവിലെ ഉത്പാദനം 87 ലക്ഷം യൂണിറ്റാണ്.