ഇടുക്കിയില്‍ ഭൂചലനം; ആര്‍ച്ച്‌ ഡാമിന്‌ സമീപത്ത്‌ 15 വീടുകള്‍ക്ക്‌ ഭാഗികമായി കേടുപാടുകള്‍, തുടര്‍ചലന സാധ്യതയെന്ന്‌ വിദഗ്‌ധര്‍

0 131

 

ചെറുതോണി: ഭൂചലനത്തെത്തുടര്‍ന്ന്‌ ഇടുക്കി-ചെറുതോണി അണക്കെട്ടുകള്‍ക്കു സമീപം താമസിക്കുന്നവര്‍ ഭീതിയില്‍. 27 നു രാത്രി 10:25 നാണ്‌ റിക്‌ടര്‍ സ്‌കെയിലില്‍ 2.1 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്‌. ഇത്‌ 48 സെക്കന്‍ഡ്‌ നീണ്ടുനിന്നു. ഇടുക്കി ആര്‍ച്ച്‌ ഡാമിനും കാല്‍വരിമൗണ്ടിനും ഇടയിലായാണ്‌ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്നു കെ.എസ്‌.ഇ.ബി. അധികൃതര്‍ പറഞ്ഞു.
ഒരു തവണയേ ഭൂചലനം അനുഭവപ്പെട്ടുള്ളൂവെന്നാണു കെ.എസ്‌.ഇ.ബിയുടെ വാദമെങ്കിലും നാലു തവണ ചലനമുണ്ടായതായി നാട്ടുകാര്‍ പറയുന്നു. വ്യാഴാഴ്‌ച ഉച്ചയ്‌ക്ക്‌ നേരിയതോതിലും രാത്രി 10.25 ന്‌ അതിഭയങ്കരമായ മുഴക്കത്തോടെ ഒരു തവണയും അഞ്ചു മിനിറ്റിന്‌ ശേഷം ഒരിക്കല്‍ കൂടിയും ഭൂചലനം അനുഭവപ്പെട്ടുവെന്നാണ്‌ ആര്‍ച്ച്‌ ഡാമിന്‌ സമീപം താമസിക്കുന്നവര്‍ അവകാശപ്പെടുന്നത്‌. ഇന്നലെ ഉച്ചയോടെ നാലാമതും നേരീയ തോതില്‍ ചലനം അനുഭവപ്പെട്ടു. എന്നാല്‍, റിക്‌ടര്‍ സ്‌കെയിലില്‍ വ്യാഴാഴ്‌ച രാത്രി 10.25 ന്‌ ഉണ്ടായ ചലനം മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂവെന്നാണു ഡാം സേഫ്‌ടി അധികൃതരുടെ വാദം.
ചലനത്തില്‍ ആര്‍ച്ച്‌ ഡാമിന്‌ സമീപത്ത്‌ 15 വീടുകള്‍ക്ക്‌ ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചു. ഇടുക്കി അണക്കെട്ടിനോട്‌ അനുബന്ധിച്ച്‌ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഇവിടെയുള്ള ഭൂകമ്ബമാപിനി പ്രവര്‍ത്തനരഹിതമായിരുന്നു. ഇതേത്തതുടര്‍ന്ന്‌ കെ.എസ്‌.ഇ.ബിയുടെ ആലടി, കുളമാവ്‌ എന്നീ കേന്ദ്രങ്ങളില്‍ നിന്നാണ്‌ റീഡിങ്ങ്‌ എടുത്തത്‌.
പ്രളയശേഷം അന്തരീക്ഷത്തിലുണ്ടായ താപനിലയുടെ വ്യത്യാസവും ഭൂപാളികളില്‍ ലിനമെന്റിലുണ്ടാക്കുന്ന മാറ്റങ്ങളും തുടര്‍ ചലനങ്ങള്‍ക്കു സാധ്യത വര്‍ധിപ്പിക്കുന്നതായി ഡാം സുരക്ഷാ വിഭാഗം വിദഗ്‌ദ്ധര്‍ അഭിപ്രായപ്പെട്ടു. ആഴത്തില്‍ ചലനമുണ്ടാകാതിരുന്നതാണു വലിയ ശബ്‌ദവും മുഴക്കവും ഉണ്ടാകാന്‍ കാരണമായതെന്നും അധികൃതര്‍ വിശദീകരിച്ചു.
അണക്കെട്ടിന്‌ സമീപം താമസിക്കുന്ന സുരേഷ്‌ പനച്ചേല്‍, സ്‌റ്റീഫന്‍ അറയ്‌ക്കല്‍, രാഘവന്‍ പനച്ചേല്‍, റെജി ജോസഫ്‌ മുത്തലക്കാട്ട്‌, അനില്‍കുമാര്‍ പുളിക്കമണ്ണില്‍, മാമച്ചന്‍ താഴത്തുവീട്ടില്‍, നോബി മാത്യു താഴത്തുരുത്തില്‍, പി.യു. ശാന്ത പൊട്ടന്‍പറമ്ബില്‍, തങ്കച്ചന്‍ ചിമ്മിനിക്കാട്ട്‌, നിര്‍മല ബിജു പൊട്ടന്‍പറമ്ബില്‍, സെല്‍വിന്‍ പീറ്റര്‍ തിരിത്തറവിളയില്‍ തുടങ്ങിയവരുടെ വീടുകള്‍ക്കാണു കേടുപാടുകള്‍ സംഭവിച്ചത്‌. എല്ലാവരും മരിയാപുരം പഞ്ചായത്തില്‍പ്പെട്ടവരാണ്‌.

Get real time updates directly on you device, subscribe now.