ആധാർ നമ്പർ കണക്ഷനുമായി ബന്ധിപ്പിച്ചില്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കപ്പെടുമോ? മുന്നറിയിപ്പുമായി കെ.എസ്.ഇ.ബി

0 388

തിരുവനന്തപുരം: വൈദ്യുതി സേവനവുമായി ബന്ധപ്പെട്ടുള്ള വ്യാജവാർത്തകളെക്കുറിച്ച് മുന്നറിയിപ്പുമായി കെ.എസ്.ഇ.ബി. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജസന്ദേശങ്ങളിലും തട്ടിപ്പുകളിലും വഞ്ചിതരാകരുതെന്ന് കെ.എസ്.ഇ.ബി മുന്നറിയിപ്പ് നൽകി.

എത്രയും വേഗം പണമടച്ചില്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കുമെന്ന തരത്തിൽ ചില വ്യാജ എസ്.എം.എസ്, വാട്‌സ്ആപ് സന്ദേശങ്ങൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ഔദ്യോഗിക ഫേസ്ബുക്കിൽ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു. സമാനമായി അല്ലെങ്കിൽ ആധാർ നമ്പർ വൈദ്യുതി കണക്ഷനുമായി ബന്ധപ്പെടുത്തിയില്ലെങ്കിലും സേവനം നിർത്തലാക്കുമെന്ന തരത്തിലും വ്യാജസന്ദേശങ്ങൾ പ്രചരിക്കുന്നുണ്ട്. സന്ദേശത്തിലെ മൊബൈൽ നമ്പരിൽ ബന്ധപ്പെട്ടാൽ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ എന്ന വ്യാജേന സംസാരിച്ച് ഒരു പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടുന്നു. തുടർന്ന് ഉപഭോക്താവിന്റെ ബാങ്ക് വിവരങ്ങൾ കൈക്കലാക്കി പണം കവരുന്ന ശൈലിയാണ് ഇത്തരം തട്ടിപ്പുകാർക്കുള്ളതെന്നും കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.

കെ.എസ്.ഇ.ബി അയക്കുന്ന സന്ദേശങ്ങളിൽ 13 അക്ക കൺസ്യൂമർ നമ്പർ, അടയ്‌ക്കേണ്ട തുക, പണമടയ്ക്കാനുള്ള ലിങ്ക് തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കും. ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഒ.ടി.പി തുടങ്ങിയവ ഒരു ഘട്ടത്തിലും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ ആവശ്യപ്പെടില്ല. ഇതിനാൽ ഉപഭോക്താക്കൾ തികഞ്ഞ ജാഗ്രത പുലർത്തണമെന്നും ഇത്തരം വ്യാജ സന്ദേശങ്ങളോട് ഒരിക്കലും പ്രതികരിക്കരുതെന്നും കുറിപ്പിൽ നിർദേശിച്ചു.

Get real time updates directly on you device, subscribe now.