ബി.ജെ.പി വീണ്ടും അധികാരത്തിലേറിയാല്‍ അടുത്ത അഞ്ച് വര്‍ഷത്തേക്ക് കര്‍ഷകര്‍ കറണ്ട് ബില്ല് അടക്കേണ്ടതില്ല: അമിത് ഷാ

0 543

ഉത്തർപ്രദേശിൽ വീണ്ടും ബി.ജെ.പി യെ അധികാരത്തിലേറ്റിയാൽ അടുത്ത അഞ്ച് വർഷത്തേക്ക് കർഷകർ കറണ്ട് ബില്ലടക്കേണ്ടതില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഉത്തർ പ്രദേശിലെ ദിബിയാപൂരിൽ വച്ച് നടന്ന തെരഞ്ഞെടുപ്പ് പൊതുയോഗത്തിനിടെയാണ് അമിത്ഷായുടെ വാഗ്ദാനം.

“ഹോളി ആഘോഷം മാർച്ച് 18 നാണ്. വോട്ടെണ്ണൽ മാർച്ച് പത്തിനും. മാർച്ച് പത്തിന് ബി.ജെ.പി ഗവർമെന്റ് വീണ്ടും അധികാരത്തിലേറും. മാർച്ച് 18 ന് നിങ്ങളുടെ വീട്ടിൽ സൗജന്യ ഗ്യാസ് സിലിണ്ടറെത്തും. അടുത്ത അഞ്ചു വർഷത്തേക്ക് കർഷകർക്ക് ഇലക്ട്രിസിറ്റി ബില്ല് അടക്കേണ്ടി വരില്ല”- അമിത് ഷാ പറഞ്ഞു.

തെരഞ്ഞെടുപ്പിന്റെ ആദ്യ രണ്ട് ഘട്ടങ്ങൾ കഴിഞ്ഞതോടെ തന്നെ സമാജ്‍വാദി പാർട്ടി ഉത്തർപ്രദേശിൽ നിന്ന് തൂത്തുമാറ്റപ്പെട്ടു എന്നും മൂന്നൂറ് സീറ്റുകൾ നേടി ബി.ജെ.പി വീണ്ടും അധികാരത്തിലേറുമെന്നും അമിത് ഷാ പറഞ്ഞു. ഞങ്ങളെന്താണ് ഇവിടെ ഇത്രയും കാലം ചെയ്തത് എന്നാണ് അഖിലേഷ് ചോദിക്കുന്നത്. മഞ്ഞക്കണ്ണടയിടുന്നവർക്ക് എല്ലാം മഞ്ഞയായി മാത്രമേ കാണൂ.അമിത്ഷാ കൂട്ടിച്ചേര്‍ത്തു.

ഏഴ് ഘട്ടങ്ങളായി നടക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടു ഘട്ടങ്ങൾ പൂർത്തിയായി. മാർച്ച് 10 നാണ് വോട്ടെണ്ണൽ.