നെല്ലിക്ക കൊണ്ടുള്ള ഗുണങ്ങൾ അനവധിയാണെന്ന് നമുക്കറിയാം. എങ്കിലും പൊതുവെ ഉപ്പിലിട്ടും അച്ചാറാക്കിയും നെല്ലിക്ക കഴിച്ചാണ് എല്ലാവർക്കും ശീലം. പതിവായി നെല്ലിക്ക ജ്യൂസ് കുടിക്കാൻ ആരും ശ്രമിക്കാറില്ല. ഉപ്പിലിട്ട് കഴിക്കുന്നതിനേക്കാളും അച്ചാറിടുന്നതിനേക്കാളുമെല്ലാം ഏറ്റവും മികച്ച രീതിയാണിത്. നെല്ലിക്കയുടെ ആരോഗ്യ ഗുണങ്ങൾ പൂർണമായും ശരീരത്തിലെത്താൻ ജ്യൂസ് സഹായിക്കും.
ദഹന പ്രക്രിയയിൽ ഏതെങ്കിലും തരത്തിലുള്ള തകരാറുകൾ ഉണ്ടെങ്കിൽ അതിനെ പമ്പകടത്താൻ നെല്ലിക്ക ജ്യൂസിന് കഴിയും. പതിവായി നെല്ലിക്ക ജ്യൂസ് കുടിച്ചാൽ മലബന്ധം അടക്കമുള്ള പ്രശ്‌നങ്ങൾ മാറികിട്ടുകയും ശോധന ശരിയാകുകയും ചെയ്യും. ഡയേറിയ, വയറ്റിലെ അൾസർ തുടങ്ങിയ രോഗങ്ങൾക്ക് പരിഹാരം കൂടിയാണ് നെല്ലിക്ക ജ്യൂസ്.
കഫശല്യത്തിന്റെ ഭാഗമായി വയറ്റിൽ നീരുവീഴുന്നതുമൂലം പലർക്കും വിശപ്പില്ലായ്മ അനുഭവപ്പെടാറുണ്ട്. ഇത് മാറാനും നെല്ലിക്ക ജ്യൂസ് ഗുണം ചെയ്യും. വിറ്റമിനുകളുടെ കലവറയായ നെല്ലിക്ക, കണ്ണിന്റെയും മുടിയുടെയും ചർമ്മത്തിന്റെയും ആരോഗ്യത്തിന് നല്ലതാണ്. മുടികൊഴിച്ചിൽ നിർത്തി തലമുടി തഴച്ചുവളരാനും മികച്ച മാർഗമാണ് നെല്ലിക്ക.
പ്രമേഹവും കൊളസ്‌ട്രോളും ഉള്ളവർ നെല്ലിക്ക ജ്യൂസ് ശീലമാക്കിയാൽ ഒരുപരിധിവരെ ആശ്വാസം കിട്ടുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. രക്തസമ്മർദ്ദത്തെയും കൊഴുപ്പിനെയും നിയന്ത്രിക്കുന്നതിനാൽ ഹൃദയത്തിന്റെ ആരോഗ്യം കാക്കാനും സഹായിക്കും.
ആന്റി-ഓക്‌സിഡന്റുകൾ അടങ്ങിയിരിക്കുന്നതിനാൽ കരളിന്റെ ആരോഗ്യത്തിനും നെല്ലിക്ക ജ്യൂസ് മികച്ചതാണ്. വിറ്റമിൻ സി അധികം അടങ്ങിയിരിക്കുന്നതിനാൽ പ്രതിരോധ ശേഷി മെച്ചപ്പെടുത്താനും സാധിക്കും. വൃക്കകളുടെ തകരാറുകൾ ഇല്ലാതാക്കാനും വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാനും നെല്ലിക്ക ജ്യൂസ് ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കാം.
ജ്യൂസ് തയ്യാറാക്കുന്ന വിധം:
നെല്ലിക്ക ചെറുതായി അരിഞ്ഞ് ആവശ്യത്തിന് വെള്ളം ചേർത്ത് മിക്‌സിയിൽ അടിച്ചെടുക്കുക. ഒരു നുള്ള് മഞ്ഞൾപ്പൊടി ഇതിലേക്ക് ചേർക്കാവുന്നതാണ്. ജ്യൂസിന് ചവർപ്പ് ഉണ്ടാകുമെന്നതിനാൽ കഴിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് അൽപം ഉപ്പ് ചേർക്കാം. ജ്യൂസ് അരിക്കാതെ വേണം കുടിക്കാൻ. ദിവസവും ഒരു നേരമെങ്കിലും നെല്ലിക്ക ജ്യൂസ് ശീലമാക്കുന്നത് കൂടുതൽ ഗുണം ചെയ്യും. പ്രായഭേദമന്യേ എല്ലാവർക്കും കഴിക്കാവുന്നതാണ്.