‘ഈ രീതിയില്‍ പോയാല്‍ പാര്‍ട്ടിക്ക് ഭാവിയുണ്ടാവില്ല, ജനങ്ങള്‍ കൈയൊഴിയും, ജനവിധി എതിരാവും’; സിപിഐഎം ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിൽ മുന്നറിയിപ്പുമായി എം വി ഗോവിന്ദൻ

0 239

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഐഎം ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിൽ മുന്നറിയിപ്പുമായി പാർട്ടി സെക്രട്ടറി എം വി ഗോവിന്ദൻ. ഈ രീതിയില്‍ പോയാല്‍ പാര്‍ട്ടിക്ക് ഭാവിയുണ്ടാവില്ലെന്നും ജനങ്ങള്‍ കൈയൊഴിയുമെന്നും ജനവിധി എതിരാവുമെന്നും അദ്ദേഹം പറഞ്ഞു. ഗൗരവത്തോടെ നീങ്ങാൻ നേതാക്കൾ തയ്യാറാകണം. കരുവന്നൂരിൽ ജില്ലയിലെ നേതാക്കളോടും എം വി ഗോവിന്ദൻ വിവരങ്ങൾ തേടി.
ജില്ലയിലെ ആരോപണ വിധേയർ സത്യസന്ധമായി കാര്യങ്ങൾ തുറന്നു പറയാൻ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപി, കോൺഗ്രസ് പദയാത്രയ്ക്ക് ബദലായി രാഷ്ട്രീയ വിശദീകരണ ജാഥകൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിലെ പുതിയ വിവാദങ്ങൾക്ക് പിന്നാലെയാണ് തൃശ്ശൂർ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേർന്നത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കങ്ങളെ നേരിടുന്നതിനുള്ള തന്ത്രങ്ങളും യോഗത്തിൽ ചർച്ച ചെയ്തെന്നാണ് വിവരം.

കരുവന്നൂർ വീണ്ടും ചർച്ചയാകുമ്പോൾ ഒരു വിഭാഗം നിശബ്ദത തുടരുന്നത് വിഭാഗീയതയുടെ ഭാഗം എന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ. തൃശ്ശൂരിലെ വിഭാഗീയത അവസാനിപ്പിക്കാൻ കഴിയാത്തതിൽ സംസ്ഥാന നേതൃത്വത്തിനും കടുത്ത അതൃപ്തിയുണ്ട്. താഴെത്തട്ടിലെ പ്രവർത്തകരുടെ വിശ്വാസം വീണ്ടെടുക്കുന്നതിനുള്ള നടപടികളും യോഗം ചർച്ച ചെയ്തു.