‘ആവർത്തിച്ചാൽ വേറെ ക്യാപ്റ്റനെ നോക്കേണ്ടി വരും’; ചെന്നൈ ബൗളിങ് പ്രകടനത്തില്‍ ധോണിയുടെ മുന്നറിയിപ്പ്

0 747

ചെന്നൈ: നാലു വർഷത്തെ ഇടവേളയ്ക്കുശേഷം ചെപ്പോക്കിലെ സ്വന്തം ഗ്രൗണ്ടിൽ ചെന്നൈ സൂപ്പർ കിങ്‌സിന്റെ തിരിച്ചുവരവ് കണ്ട ആശ്വാസത്തിലാണ് ആരാധകർ. ഐ.പി.എൽ 16-ാം സീസണിൽ ആദ്യ മത്സരത്തിൽ ഗുജറാത്തിനോട് തോറ്റ ചെന്നൈ ലഖ്‌നൗവിനെ കീഴടക്കി വിജയക്കുതിപ്പിന് തുടക്കമിട്ടിരിക്കുകയാണ്. അതിനിടെ, മത്സരത്തിൽ ബൗളർമാരുടെ മോശം പ്രകടനത്തിൽ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി അസ്വസ്ഥനാണ്.

മത്സരത്തിനുശേഷം ടീമിന്റെ ബൗളിങ് പ്രകടനത്തെക്കുറിച്ച് ധോണി പ്രതികരിച്ചിരുന്നു. ബൗളര്‍മാര്‍ ഇങ്ങനെ നിരന്തരം നോ ബൗളും വൈഡുകളും എറിയുകയാണെങ്കില്‍ ചെന്നൈ വേറെ ക്യാപ്റ്റനെ നോക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ് കൊടുത്തിട്ടുണ്ടെന്ന് താരം വെളിപ്പെടുത്തി. ഇനിയും ഇങ്ങനെ എക്‌സ്ട്രാ റൺ കൊടുക്കുന്നത് അനുവദിക്കാനാകില്ലെന്നാണ് ധോണി പറയുന്നത്.

‘ഫാസ്റ്റ് ബൗളിങ്ങിൽ അൽപം മെച്ചപ്പെടാനുണ്ട്. സാഹചര്യങ്ങൾക്കനുസരിച്ച് പന്തെറിയണം. എതിർനിരയിലെ ബൗളർമാർ എങ്ങനെയാണ് എറിയുന്നതെന്ന് ശ്രദ്ധിക്കലും പ്രധാനമാണ്. ഇനി നോ ബൗളും എക്‌സ്ട്രാ വൈഡുകളും എറിഞ്ഞാൽ വേറെ ക്യാപ്റ്റനു കീഴിൽ കളിക്കേണ്ടിവരും. എന്റെ അവസാനത്തെ മുന്നറിയിപ്പായിരിക്കും അത്. പിന്നെ, ഞാനുണ്ടാകില്ല.’-ധോണി വ്യക്തമാക്കി.