സ്വപ്നയുടെ മൊഴി പുറത്തുവിട്ടാൽ ഉന്നതർ രക്ഷപ്പെടും; കസ്റ്റംസ് കോടതിയിൽ
കൊച്ചി:സ്വർണക്കടത്തുകേസ് പ്രതി സ്വപ്നാ സുരേഷ് നൽകിയ രഹസ്യമൊഴി പുറത്തുവിട്ടാൽ രാഷ്ട്രീയത്തിലെയടക്കം ഉന്നതർ രക്ഷപ്പെടുമെന്ന് കസ്റ്റംസ്. മൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് സ്വപ്ന നൽകിയ ഹർജിക്കെതിരേ ഹൈക്കോടതിയിൽ കസ്റ്റംസ് സമർപ്പിച്ച റിപ്പോർട്ടിലാണ് മൊഴി പുറത്തുവിടുന്നതിനെ എതിർത്തത്. ഹർജി തിങ്കളാഴ്ച കോടതി പരിഗണിച്ചേക്കും.മൊഴിപ്പകർപ്പ് സ്വപ്നയ്ക്ക് നൽകിയാൽ കേസുമായി ബന്ധപ്പെട്ട് സംശയിക്കുന്ന ഉന്നതവ്യക്തികളിലേക്ക് അതെത്തുമെന്ന് കസ്റ്റംസ് അഭിഭാഷകൻ അഡ്വ. കെ. രാംകുമാർ സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. കോടതിയിൽ സമർപ്പിച്ച രേഖകളിൽ തെളിവുകളുടെ പട്ടികയിൽ മൊഴികൾ നൽകിയിട്ടില്ല. പ്രതിയുടെ കസ്റ്റഡി ആവശ്യത്തിനുവേണ്ടി അന്വേഷണസംഘം സമർപ്പിച്ചതാണീ രഹസ്യമൊഴി. അന്വേഷണത്തിന്റെ ഭാഗമായിത്തന്നെ തുടരുന്ന രേഖകൾ ആവശ്യപ്പെടാൻ പ്രതിക്ക് നിയമപരമായി അവകാശമില്ല.
ഈ മൊഴി അന്വേഷണസംഘത്തിന് നൽകിയപ്പോൾത്തന്നെ ഇത് സീൽ ചെയ്ത് സൂക്ഷിക്കണമെന്ന് സ്വപ്ന, മജിസ്‌ട്രേറ്റിനോട് ആവശ്യപ്പെട്ടിരുന്നതാണ്. അതിന്റെ കാരണങ്ങളിലൊന്ന് തന്റെ ജീവന് ഭീഷണി നേരിടുമെന്ന സ്വപ്നയുടെ ഭയമായിരുന്നു. ഈ സാധ്യതകൾ ഇപ്പോഴും നിലനിൽക്കുന്നതായി കസ്റ്റംസ് ചൂണ്ടിക്കാട്ടുന്നു.