ഐഎം വിജയനെ പത്മശ്രീ പുരസ്കാരത്തിന് നാമനിര്‍ദ്ദേശം ചെയ്ത് എഐഎഫ്‌എഫ്

0 487

മുന്‍ ഇന്ത്യന്‍ നായകന്‍ ഐഎം വിജയനെ (ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍) എഐഎഫ്‌എഫ് പത്മശ്രീ പുരസ്കാരത്തിന് നാമനിര്‍ദ്ദേശം ചെയ്തു. ആഭ്യന്തര തലത്തിലും രാജ്യാന്തര തലത്തിലും മിന്നും പ്രകടനം കാഴ്ചവച്ച താരത്തിനെ രാജ്യത്തെ ഏറ്റവും വലിയ നാലാമത്തെ സിവിലയന്‍ ബഹുമതിക്കാണ് എഐഎഫ്‌എഫ് നാമനിര്‍ദേശം ചെയ്തിരിക്കുന്നത്.

ഇന്ത്യന്‍ കുപ്പായത്തില്‍ 79 മത്സരങ്ങള്‍ കളിച്ച താരം 40 ഗോളുകള്‍ നേടിയിട്ടുണ്ട്. 1992ലാണ് ആദ്യമായി ഇന്ത്യന്‍ ജേഴ്‌സി അണിയുന്നത്. ഒരു ദശകത്തിലധികം ഇന്ത്യന്‍ ടീമിന്റെ മുഖമായി ഇതിഹാസ താരം ബൈചിങ് ഭൂട്ടിയയ്ക്കൊപ്പം മുന്നേറ്റത്തില്‍ നിറഞ്ഞ് കളിച്ച ഐഎം വിജയന്‍ കേരളത്തിന്റെ അഭിമാന താരമാണ്. 2003ല്‍ അര്‍ജുന അവാര്‍ഡ് നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു. 1993, 1997, 1999 വര്‍ഷങ്ങളില്‍ ഇന്ത്യന്‍ പ്ലെയര്‍ ഓഫ് ദി ഇയറായി തിരഞ്ഞെടുക്കപ്പെട്ടതും വിജയന്‍ തന്നെയായിരുന്നു.

 

2000 മുതല്‍ 2004 വരെ ഇന്ത്യന്‍ നായകനായും കളത്തില്‍ വിജയനുണ്ടായിരുന്നു. കൊല്‍ക്കത്തന്‍ വമ്ബന്മാരായ മോഹന്‍ ബഗാന്റെയും വിശ്വസ്തനായിരുന്ന ഐഎം വിജയന്‍ കേരള പൊലീസ്, എഫ്സി കൊച്ചിന്‍ ടീമുകള്‍ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്.

 

രാജ്യന്തര ഫുട്ബോളിലെ ഏറ്റവും വേഗതയേറിയ ഗോളുകളിലൊന്ന് ഐഎം വിജയന്റെ പേരിലാണ്. 1999ല്‍ നടന്ന സാഫ് കപ്പില്‍ ഭൂട്ടാനെതിരെ 12-ാം സെക്കന്‍ഡില്‍ തന്നെ വിജയന്‍ വല കുലുക്കി.

 

17 വര്‍ഷം മുമ്ബ് ഫുട്‌ബോളില്‍നിന്നും വിരമിച്ചശേഷം പരിശീലകനായ രാജ്യത്തിന്റെ ‘കറുത്ത മാനി’നു ഏപ്രില്‍ 25നാണ് 50 വയസ് തികഞ്ഞത്. കേരള പൊലീസില്‍ സിഐയും സേനയിലെ ഫുട്ബോള്‍ ടീമിന്റെ പരിശീലകനുമാണ് വിജയനിപ്പോള്‍. 1982-ല്‍ തൃശൂരില്‍ സന്തോഷ് ട്രോഫി മത്സരങ്ങള്‍ നടക്കുമ്ബോള്‍ സ്റ്റേഡിയത്തില്‍ പത്തുപൈസ കമ്മിഷനില്‍ സോഡ വിറ്റിരുന്നത് മുതല്‍ ഫുട്ബോള്‍ വിജയനൊപ്പമുണ്ട്. അന്ന് തുണികൊണ്ടുള്ള പന്തുതട്ടി തുടങ്ങിയ അദ്ദേഹം ഇന്നും ഫുട്ബോള്‍ കളിക്കുന്നു