പ്രതിരോധ കുത്തിവെപ്പ്; മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണം: ഡി എംഒ
കോവിഡ്-19 ന്റെ പശ്ചാത്തലത്തിലുള്ള ലോക്ക് ഡൗണിനെ തുടര്‍ന്ന് നീട്ടിവച്ച പ്രതിരോധ കുത്തിവെപ്പ് എല്ലാ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലും ഉടന്‍ പുനരാരംഭിക്കുമെന്നും ഇതു സംബന്ധിച്ച് ആരോഗ്യ വകുപ്പ് പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശ്ശനമായി പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ നാരായണ നായ്ക് അറിയിച്ചു.
സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലും സാധാരണയായി ബുധനാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയാണ് പ്രതിരോധ കുത്തിവെപ്പ് നടക്കുക. അതാത് പ്രദേശത്തെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ്, ആശാ പ്രവര്‍ത്തക എന്നിവരുമായി ഫോണില്‍ ബന്ധപ്പെട്ട് സ്ഥലം, തീയ്യതി, സമയം എന്നിവ മനസ്സിലാക്കിയശേഷം മാത്രമേ പ്രതിരോധ കുത്തിവെപ്പിന് പോകാവൂ. വീടിന് ഏററവും അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലോ ആശുപത്രിയിലോ ചെന്നുവേണം കുത്തിവെപ്പ് എടുക്കാന്‍. ബ്രേക്ക് ദി ചെയിന്‍, സാമൂഹിക അകലം പാലിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് നല്‍കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശ്ശനമായി പാലിക്കണം. കുത്തിവെപ്പിന് വരുന്നവര്‍ ഒ പി ടിക്കററ് എടുക്കേണ്ടതില്ല. അവര്‍ നേരിട്ട് കുത്തിവെപ്പ് നടക്കുന്ന സ്ഥലത്ത് എത്തിച്ചേര്‍ന്നാല്‍ മതി. ആശുപത്രിയിലെ കാത്തിരിപ്പുസ്ഥലം, പ്രതിരോധ കുത്തിവെപ്പ് നടക്കുന്ന മുറി, നിരീക്ഷണ മുറി എന്നിവിടങ്ങളില്‍ നിര്‍ബന്ധമായും സാമൂഹിക അകലം പാലിക്കണം. ഒരു കാരണവശാലും കൂട്ടംകൂടി നില്‍ക്കാനോ തിക്കുംതിരക്കും ഉണ്ടാക്കാനോ പാടില്ല. കുട്ടിയോടൊപ്പം ഒരു ബൈസ്റ്റാന്ററെ മാത്രമേ കുത്തിവെപ്പ് നടക്കുന്ന സ്ഥലത്തേക്ക് പ്രവേശിപ്പിക്കുകയുള്ളൂ. സോപ്പും വെള്ളവുമുപയോഗിച്ച് കൈ കഴുകുന്നതിനോ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ അണുവിമുക്തമാക്കുന്നതിനോ ഉള്ള സൗകര്യം കുത്തിവെപ്പ് നടക്കുന്ന സ്ഥലത്ത് ഉണ്ടായിരിക്കും. കുട്ടിയുടെ ബൈസ്റ്റാന്റര്‍, കുത്തിവെപ്പ് നടത്തുന്ന ജെ പി എച്ച് എന്‍, കുത്തിവെപ്പ് നടക്കുന്ന സ്ഥലത്തുള്ള മറ്റ് ആരോഗ്യ വകുപ്പ് ജീവനക്കാര്‍ എന്നിവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം. കോവിഡ്-19 രോഗബാധ സ്ഥിരീകരിക്കുകയോ സംശയിക്കുകയോ ചെയ്തവരുടെ വീടുകളിലുള്ള കുട്ടികളെ അവരുടെ ക്വാറന്റീന്‍ കാലാവധി പൂര്‍ത്തിയായശേഷം മാത്രമേ കുത്തിവെപ്പിന് കൊണ്ടുപോകാവൂ.