”നടപ്പിലായത് അഴിമതിക്കെതിരായ പോരാട്ടത്തിൻറെ അന്ത്യ കൂദാശ”; ലോകായുക്ത ഓർഡിനൻസിൽ തുറന്നടിച്ച് ചെന്നിത്തല

0 1,464

ലോകായുക്ത നിയമഭേദഗതിയില്‍ ഗവർണർ ഒപ്പിട്ടതിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നടപ്പിലായത് അഴിമതിക്കെതിരായ പോരാട്ടത്തിൻറെ അന്ത്യ കൂദാശയാണെന്നായിരുന്നു ചെന്നിത്തലയുടെ വിമര്‍ശനം. അഴിമതിക്കെതിരായ അവസാന വാതിലും അടയ്ക്കുകയാണ് ലോകായുക്ത നിയമഭേദഗതിയിലൂടെ സര്‍ക്കാര്‍ ചെയ്തതെന്നും ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രിക്ക് എതിരായ കേസ് നിലനിൽക്കെ കൊണ്ടുവന്ന ഓർഡിനൻസ് അധാര്‍മികമാണ്. കേരളം കണ്ട ഏറ്റവും വലിയ ഏകാധിപതി ആയി മുഖ്യമന്ത്രി മാറിയെന്നും പേഴ്‌സണൽ സ്റ്റാഫിന് വേണ്ടി ഇത്രയും നാൾ പറഞ്ഞ കാര്യങ്ങളെല്ലാം ഗവർണർ ഒറ്റയടിക്ക് വിഴുങ്ങിയെന്നും ചെന്നിത്തല തുറന്നടിച്ചു.

നായനാരുടെയും ചന്ദ്രശേഖരൻ നായരുടെയും ആത്മാവ് ഈ സര്‍ക്കാരിനോട് പൊറുക്കില്ല. പിണറായി നിയമത്തിന്‍റെ ഹൃദയമാണ് പറിച്ചെടുത്തത്. സി.പി.എമ്മിന്റെ ദേശീയ നേതൃത്വം ഈ വിഷയത്തില്‍ മറുപടി പറയണം. നിലപാടില്‍ നിന്ന് പിന്മാറാത്ത കാനത്തിനെ പിന്തുണക്കുന്നുവെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ഗവർണറും സർക്കാരും തമ്മിലുള്ള കൂട്ടുകെട്ടാണ് ഇതിലൂടെ മനസിലാകുന്നത്. ഈ കരിനിയമം അംഗീകരിക്കാൻ കഴിയില്ലെന്നും ആലോചിച്ച് നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും ചെന്നിത്തല പറഞ്ഞു

എന്നാല്‍ ഓർഡിനൻസിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും ഭരണഘടനയ്ക്കു വിരുദ്ധമായ അധികാരം ലോകായുക്തയ്ക്കു നൽകേണ്ടതില്ലെന്ന നിയമോപദേശമാണ് നിയമഭേദഗതിക്ക് പിന്നിലെന്നും ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി വിശദീകരിച്ചു. ഗവര്‍ണര്‍ ഒപ്പിടാതെ മടക്കിയാല്‍ സര്‍ക്കാരിനെ സംബന്ധിച്ച് വലിയ തിരിച്ചടിയാകുമായിരുന്ന പരിഷ്കാരമാണ് ഇപ്പോള്‍ സര്‍ക്കാരിന് അനുകൂലമായത്. ഒരുപക്ഷേ ഗവര്‍ണര്‍ ഒപ്പിടാതെയിരുന്നെങ്കില്‍ നിയമസഭ സമ്മേളനത്തില്‍ ബില്‍ ആയി കൊണ്ടുവരാനായിരുന്നു സര്‍ക്കാര്‍ തീരുമാനം.