തലച്ചോറിലേക്കുള്ള രക്തപ്രവാഹം മെച്ചപ്പെട്ടു; വാവ സുരേഷിന്റെ ആരോഗ്യനിലയിൽ പുരോഗതി

0 805

കോട്ടയത്ത് പാമ്പ് കടിയേറ്റ് ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യ നിലയിൽ പുരോഗതി. തലച്ചോറിലേക്കുള്ള രക്തപ്രവാഹം മെച്ചപ്പെട്ടതായി ആരോഗ്യ വിദഗ്ധർ അറിയിച്ചു. ഹൃദയത്തിന്റെ പ്രവർത്തനം സാധാരണ നിലയിലേക്കെത്തി. ( vava suresh health condition improved )

വാവ സുരേഷിന്റെ രക്ത സമ്മർദം സാധാരണ നിലയിലായെന്ന് ഡോക്ടേഴ്‌സ് വ്യക്തമാക്കി. നിലവിൽ തീവ്ര പരിചരണ വിഭാഗത്തിലാണ് വാവ സുരേഷ്.

ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് വീട്ടുകാരുടെ അഭ്യർത്ഥനയെ തുടർന്ന് വാവ സുരേഷ് കോട്ടയം കുറിച്ചിയിൽ എത്തിയത്. കരിങ്കൽ കെട്ടിനിടയിൽ മൂർഖൻ പാമ്പിനെ രാവിലെ മുതൽ കണ്ടുവെങ്കിലും നാട്ടുകാർക്ക് പിടികൂടാൻ സാധിച്ചിരുന്നില്ല. തുടർന്നാണ് വാവ സുരേഷിനെ വിവരമറിയിച്ചത്. വാവ സുരേഷെത്തി പാമ്പിനെ പിടികൂടി ചാക്കിലാക്കുന്നതിനിടെയാണ് പാമ്പിന്റെ കടിയേൽക്കുന്നത്. കാൽ മുട്ടിന് മുകളിലായാണ് പാമ്പ് കടിയേറ്റത്. തുടർന്ന് വാവ സുരേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനെ തുടർന്ന് വാവ സുരേഷിനെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.

വാവ സുരേഷിനെ കടിച്ചത് മൂർഖൻ പാമ്പ് തന്നെയാണ് ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. ആശുപത്രിയിലെത്തിയ ഉടൻ തന്നെ ആന്റി വെനം നൽകിയിരുന്നു.

ഇത് ആദ്യമായല്ല പാമ്പ് കടിയേറ്റതിനെ തുടർന്ന് വാവ സുരേഷിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. 2013 ലും 2020 ലും സമാനമായ സാഹചര്യത്തിൽ അതീവ ഗുരുതരാവസ്ഥയിൽ വാവ സുരേഷിനെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.