കൊവിഡ് സാഹചര്യത്തിലും ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സൂക്ഷ്മമായി ഇടപെടും: മുഖ്യമന്ത്രി

0 99

കൊവിഡ് സാഹചര്യത്തിലും ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സൂക്ഷ്മമായി ഇടപെടും: മുഖ്യമന്ത്രി

കൊവിഡ് സാഹചര്യത്തിലും ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സൂക്ഷ്മമായി ഇടപെട്ടു കൊണ്ടു കുട്ടികളുടെ ഭാവി ശോഭനമാക്കുന്നതിനാണ് സര്‍ക്കാറിന്റെ ശ്രദ്ധയെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രതിസന്ധികളുടെ പേരില്‍  ഉന്നത വിദ്യാഭ്യാസമേഖലയില്‍ ഇടപെടേണ്ടതില്ല എന്ന സമീപനം നാടിന്റെ ഭാവിയില്‍ താല്‍പ്പര്യമുള്ള ആര്‍ക്കും  സ്വീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.  തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ വിവിധ പദ്ധതികളുടെ ശിലാസ്ഥാപനവും ഉദ്ഘാടനവും ഓണ്‍ലൈന്‍ ആയി നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നിയന്ത്രണങ്ങളില്‍ അയവു വന്നപ്പോഴാണ് സംസ്ഥാനത്ത് കൊവിഡ് വ്യാപനം കൂടിയതെന്നും കൊവിഡ് പ്രോട്ടോകോള്‍ കര്‍ക്കശമായി നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബ്രണ്ണന്‍ കോളേജിലെ വിവിധ വികസന പദ്ധതികളുടെ ഭാഗമാകുന്നതില്‍ പ്രത്യേക സന്തോഷം ഉണ്ട്. കിഫ്ബി വഴിയുള്ള 21.5 കോടി രൂപയുടെ അക്കാദമിക് ബ്ലോക്ക്, വനിത ഹോസ്റ്റല്‍,  എം എല്‍ എ യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചുള്ള കോളേജ് റോഡ,് സെന്‍ട്രല്‍ ലൈബ്രറി,  കെമിസ്ട്രി ലാബ്, ഫര്‍ണിച്ചര്‍ വിതരണം തുടങ്ങിയവ കലാലയത്തിന്റെ മാറ്റ് കൂട്ടാന്‍ ഉതകുന്ന പദ്ധതികളാണ്.
ബ്രണ്ണന്‍ സമഗ്ര വികസനത്തിന്റെ ഭാഗമായി  അംഗീകരിച്ച 97 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാനിന്റെ ഒന്നാം ഘട്ട പ്രവര്‍ത്തനമാണ് ആരംഭിക്കുന്നത്. ദീര്‍ഘ കാലത്തെ ആവശ്യമായ വനിതാ ഹോസ്റ്റലും, നാല് നിലകളുള്ള അക്കാദമിക് ബ്ലോക്കും സമയബന്ധിതമായി പൂര്‍ത്തിയാക്കും. പരിതാപകരമായ അവസ്ഥയിലുള്ള ബോയ്‌സ് ഹോസ്റ്റലും പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവര സാങ്കേതിക വിദ്യയിലെ നവ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടു ഒരുക്കിയ ലൈബ്രറി സംവിധാനം നല്ല രീതിയില്‍ ഉപയോഗപ്പെടുത്താന്‍ വിദ്യാര്‍ത്ഥികള്‍ സ്വയം സന്നദ്ധരാവണമെന്നും അവര്‍ക്ക് പ്രേരണയേകാന്‍ അധ്യാപകര്‍ക്ക് കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോളേജിന്റെ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഒന്നാം ഘട്ട പ്രവൃത്തി ഉദ്ഘാടനം, എം എല്‍ എ ഫണ്ടില്‍ ഉള്‍പ്പെടുത്തി 99 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച റോഡിന്റെ ഉദ്ഘാടനം, കോളേജിന് പുതുതായി നിര്‍മ്മിച്ച ലൈബ്രറിയുടെ പ്രവര്‍ത്തനോദ്ഘാടനം, ലൈബ്രറി വെബ്സൈറ്റ് ഉദ്ഘാടനം, 32 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച  അന്താരാഷ്ട്ര നിലവാരമുള്ള കെമിസ്ട്രി ലാബ് ഉദ്ഘാടനം, എം എല്‍ എ ഫണ്ടില്‍ ഉള്‍പ്പെടുത്തി കോളേജ് ലൈബ്രറിയില്‍ 52 ലക്ഷം രൂപ ചെലവില്‍ സ്ഥാപിച്ച ഫര്‍ണിച്ചറുകളുടെ കൈമാറ്റം എന്നിവയാണ് മുഖ്യമന്ത്രി നിര്‍വ്വഹിച്ചത്.
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീല്‍ അധ്യക്ഷത വഹിച്ചു . കോളേജ് ശതോത്തര രജത ജൂബിലി ഹാളില്‍ നടന്ന ചടങ്ങില്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ്ചാന്‍സലര്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍,  കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ വി വിഘ്നേശ്വരി, ധര്‍മ്മടം പഞ്ചായത്ത് പ്രസിഡണ്ട് സി പി ബേബി സരോജം,  ജില്ലാ പഞ്ചായത്ത് അംഗം പി വിനീത, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സിന്റിക്കേറ്റ് അംഗം കെ ടി ചന്ദ്രമോഹനന്‍, കോളേജ് യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ അനുപ്രിയ, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.