ജില്ലാപഞ്ചായത്ത്‌ ടോയ്ലറ്റ് ഉദ്ഘാടനം;വിജ്ഞാനപ്രദവും ആഘോഷവുമാക്കി വിദ്യാർത്ഥികൾ

0 69

തരുവണ: വയനാട് ജില്ലാ പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 14 ലക്ഷം രൂപയ്ക്കു തരുവണ ഹൈസ്കൂളിൽ നിർമിച്ച കംഫേർട്ട് സമുച്ഛയത്തിന്റെ ഉദ്ഘാടനം വിജ്ഞാനപ്രദവും ആഘോഷവുമായി മാറി. ചടങ്ങുകൾ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പി. ടി. എ പ്രസിഡന്റ്‌ കെ.സി.കെ നജുമുദ്ധീൻ അധ്യക്ഷത വഹിച്ചു. ഹൈസ്കൂളിലും ഹയർസെക്കന്ററിയിലുമായി പഠിക്കുന്ന എണ്ണൂറിലധികം വരുന്ന മുഴുവൻ വിദ്യാർത്ഥികൾക്കുമായി നടത്തിയ ഓപ്പൺ ക്വിസ് മത്സര വിജയികളായവർക്ക്‌ ജുനൈദ് കൈപ്പാണിയുടെ വക ടോയ്ലറ്റ് ഉപകരണങ്ങൾ സമ്മാനമായി നൽകി.

കരഘോഷത്തോടെ സമ്മാനങ്ങൾ ഏറ്റുവാങ്ങിയത് കുട്ടികൾക്ക് വേറിട്ട അനുഭവമായി. ശുചിത്വ സന്ദേശം പകർന്നു നൽകുന്ന ജില്ലാ പഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷൻ തയ്യാറാക്കിയ ഹൈജീൻ പ്ലഡ്‌ജ്ജും സദസ്സിനെ വ്യത്യസ്തമാക്കി. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സീനത്ത് വൈശ്യൻ താക്കോൽ ദാനം നിർവഹിച്ചു.എസ്. എം. സി ചെയർമാൻ എസ്. നാസർ, എച്ച്.എം മുഹമ്മദ്‌ കെ.എം,പ്രിൻസിപ്പൽ ജെസ്സി എം. ജെ, അശോകൻ സി,അബ്ദുൽ സലാം, മുഹമ്മദലി കെ.എ,പ്രീതി കെ,അലി മാനി,എം. ശ്രീജ,പ്രദീപ്കുമാർ എം, അബുക്ക. കെ തുടങ്ങിയവർ സംസാരിച്ചു.