കോഴിക്കോട്, തൃശൂര്‍ മാനസികാരോഗ്യ കേന്ദ്രങ്ങളിലെ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

0 772

തൃശൂര്‍, കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രങ്ങളിലെ തുടര്‍ച്ചയായുണ്ടായ അനിഷ്ട സംഭവങ്ങളില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. മാനസികാരോഗ്യ കേന്ദ്രത്തിന്റെ ചുമതലയുള്ള ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതലയുള്ളത്.

മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ അടുത്തിടെയുണ്ടായ സംഭവങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ അന്വേഷണം നടക്കുകയാണ്. അന്തേവാസികളുടെയും സ്ഥാപനത്തിലെയും സാഹചര്യങ്ങള്‍ വിലയിരുത്താന്‍ ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നു. മാനസികാരോഗ്യ കേന്ദ്രങ്ങളെ ആധുനികവത്ക്കരിക്കുക, അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുക, സ്ഥാപനം രോഗീ സൗഹൃദമാക്കുക തുടങ്ങിയ കാര്യങ്ങളെ സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിവരങ്ങളടിസ്ഥാനമാക്കി പ്രത്യേക സമിതിയെ വച്ച് പഠനം നടത്തിയാണ് റിപ്പോര്‍ട്ട് നല്‍കേണ്ടത്.

തൃശൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിലും ഒരാള്‍ മരിച്ചിരുന്നു. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ കഴിഞ്ഞയാഴ്ച നടന്ന കൊലപാതകത്തിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടയില്‍ ഇന്ന് രണ്ട് അന്തേവാസികള്‍ മന്ദിരത്തില്‍ നിന്ന് ചാടിപ്പോയി. അന്തേവാസികളായ ഉമ്മുക്കുല്‍സു എന്ന സ്ത്രീയും ഇവര്‍ക്കൊപ്പം ഒരു പുരുഷനുമാണ് ചാടിപ്പോയത്. മണിക്കൂറുകള്‍ക്ക് മുന്‍പ് ഉമ്മുക്കുല്‍സുവിനെ കണ്ടെത്താനും കഴിഞ്ഞു. മലപ്പുറം കളക്ടറുടെ വീട്ടിലെത്തിയപ്പോഴാണ് ഇവരെ പിടികൂടിയത്.എന്നാല്‍ ഏത് സാഹചര്യത്തിലാണ് ഇവര്‍ ഇവിടെയെത്തിയതെന്ന് വ്യക്തമല്ല.