ഇന്ത്യന്‍ ഹോക്കി ഇതിഹാസം ബല്‍ബീര്‍ സിംഗ് അന്തരിച്ചു

0 382

ഇന്ത്യന്‍ ഹോക്കി ഇതിഹാസം ബല്‍ബീര്‍ സിംഗ് അന്തരിച്ചു

 

മൊഹാലി: ഇന്ത്യയുടെ ഹോക്കി ഇതിഹാസം ബല്‍ബീര്‍ സിംഗ് സീനിയര്‍ അന്തരിച്ചു. 96 വയസായിരുന്നു. ഇന്നുപുലര്‍ച്ചെ മൊഹാലിയിലെ ആശുപത്രിയിലായായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.

 

കടുത്ത ന്യുമോണിയബാധയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ടാഴ്ചയിലേറെയായി വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിറുത്തിയിരുന്നത്. ഇതിനിടെ രണ്ടു തവണ ഹൃദയാഘാതവും കഴിഞ്ഞ ദിവസം തലച്ചോറില്‍ രക്തസ്രാവവും ഉണ്ടായി. കൊവിഡ് ടെസ്റ്റിന് വിധേയനായിരുന്നെങ്കിലും ഫലം നെഗറ്റീവായിരുന്നു.

 

 

ഇന്ത്യയ്ക്ക് മൂന്ന് ഒളിമ്ബിക് സ്വര്‍ണം നേടിക്കൊടുത്ത ബല്‍ബീര്‍ സ്വതന്ത്ര ഇന്ത്യ കണ്ടതില്‍ വച്ച്‌ ഏറ്റവും മികച്ച ഹോക്കി താരമായായിരുന്നു. 1948, 1952 , 1956 എന്നീവര്‍ഷത്തെ ഒളിമ്ബിക്‌സുകളില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു. ഒളിമ്ബിക് ഫൈനലില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന റെക്കോഡും ബല്‍ബീറിന് സ്വന്തമാണ്. 1952 ഹെല്‍സിങ്കി ഒളിമ്ബിക്‌സിന്റെ ഫൈനലില്‍ അഞ്ച് ഗോള്‍ നേടിയാണ് സിംഗ് ഈ റെക്കോര്‍ഡിട്ടത്. 1958ല്‍ ഏഷ്യന്‍ ഗെയിംസില്‍ വെള്ളിമെഡല്‍ നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്ന സിംഗ് പിന്നീട് വിരമിച്ച്‌ ടീമിന്റെ പരിശീലകനായി.

 

1957ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. 2015ല്‍ ധ്യാന്‍ചന്ദ് പുരസ്‌കാരം ലഭിച്ചു.1958ല്‍ ഡൊമിനിക്കന്‍ റിപ്പബ്ലിക് മെല്‍ബണ്‍ ഒളിമ്ബിക്‌സിന്റെ സ്മരണാര്‍ത്ഥം പുറത്തിറക്കിയ തപാല്‍ സ്റ്റാമ്ബില്‍ ഗുര്‍ദേവ് സിംഗിനൊപ്പം ബല്‍ബീറും ഇടം പിടിച്ചു. ബല്‍ബീര്‍ രണ്ട് ആത്മകഥകള്‍ രചിച്ചിട്ടുണ്ട് . ദി ഗോള്‍ഡന്‍ ഹാട്രിക്കും ദി ഗോള്‍ഡന്‍ യാര്‍ഡ്‌സ്റ്റിക്: ദി ക്വസ്റ്റ് ഓഫ് ഹോക്കി എക്‌സലന്‍സും. ബല്‍ബീല്‍ അംഗമായ 1948ലെ ഹോക്കി ടീമിന്റെ കഥയാണ് അക്ഷയ് കുമാറിന്റെ ഗോള്‍ഡ് എന്ന ബോളിവുഡ് ചിത്രത്തിന്റെ ഇതിവൃത്തം.

 

സുശിയാണ് ഭാര്യ. സുഷ്ബിര്‍, കന്‍വാല്‍ബിര്‍, കരണ്‍ബിര്‍, ഗുര്‍ബീര്‍ എന്നിവരാണ് മക്കള്‍. ഇവരെല്ലാവരും കാനഡയിലെ വാന്‍കൂവറിലാണ് താമസം. സിംഗുന കനേഡിയന്‍ പൗരത്വം സ്വീകരിച്ചിരുന്നു.