ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 110 ആയി. 17 വിദേശ പൗരന്മാരും ഇതില്‍ ഉള്‍പ്പെടും. ഞായറാഴ്ച രാത്രി 11.30 വരെയുള്ള കണക്കുകള്‍ പ്രകാരമാണിത്. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ് ഇതു സംബന്ധിച്ച വിവരം പുറത്തുവിട്ടത്.
മഹാരാഷ്ട്ര, കേരളം, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ 32 പേര്‍ക്കും കേരളത്തില്‍ 22 പേര്‍ക്കും ഉത്തര്‍പ്രദേശില്‍ 12 പേര്‍ക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
വൈറസ് ബാധ ഉണ്ടായതിനു ശേഷം രാജ്യത്തെ വിമാനത്താവളങ്ങളില്‍ ഇതുവരെ 12,76,046 പേരെ സ്ക്രീനിംഗിനു വിധേയരാക്കിയിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്തിതുവരെ രണ്ടു പേര് കൊറോണ വൈറസ് മൂലം മരണത്തിന് കീഴടങ്ങുകയും ചെയ്തിരുന്നു. കര്‍ണാടകയിലായിരുന്നു ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തത്. രാജ്യതലസ്ഥാനത്താണ് രണ്ടാമത്തെ മരണമുണ്ടായത്.