ഏത് തരം സാഹചര്യം നേരിടാനും ഇന്ത്യൻ സൈന്യം സജ്ജം- വ്യോമസേനാ മേധാവി
ഇരട്ട പോർമുഖം അടക്കം ഏത് തരം സാഹചര്യത്തിനും ഇന്ത്യൻ സൈന്യം തയ്യാറാണെന്ന് വ്യോമസേനാ മേധാവി മാർഷൽ ആർകെഎസ് ഭദൗരിയ. ഒക്ടോബർ എട്ടിന് വ്യോമസേന ദിനത്തിന് മുന്നോടിയായി നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“നമ്മുടെ അയൽപക്കതക്തുനിന്നും അതിനപ്പുറത്തും ഉയർന്നുവരുന്ന ഭീഷണികൾക്കിടയിൽ”, ഇരട്ട പോർമുഖം ഉൾപ്പെടെ, നേരിടേണ്ടിവരുന്ന ഏത് സംഘർഷത്തിനും ഇന്ത്യ തയ്യാറാണെന്ന് ഭദൗരിയ പറഞ്ഞു.
എൽഎസിയിൽ ചൈനയുമായുള്ള നിരന്തര സംഘർഷാവസ്ഥയുമായി ബന്ധപ്പെട്ട്, ചൈനയുടെ ഭാഗത്തുനിന്ന് ഉണ്ടാകാനിടയുള്ള ഏത് അപ്രതീക്ഷിത നീക്കത്തെയും നേരിടാൻ തക്ക വിധത്തിൽ ഇന്ത്യൻ സേന “വളരെ നല്ല നിലയിലാണ്” എന്ന് ഭദൗരിയ ഉറപ്പ് നൽകി.
ചൈനീസ് വ്യോമശക്തിക്ക് ഇന്ത്യയുടെ കഴിവുകളേക്കാൾ മികച്ചതാക്കാൻ കഴിയില്ലെന്നും അതേസമയം, എതിരാളിയെ കുറച്ചുകാണുന്ന ഒരു സാഹചര്യം ഉയരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
“നമ്മൾ വളരെ നല്ല സ്ഥിതിയിലാണ്, സംഘർഷത്തിന് സാഹചര്യമുണ്ടോ എന്ന ചോദ്യമുദിക്കുന്നില്ല. നമ്മളിൽ നിന്നുള്ള മികച്ചത് തന്നെ പ്രതീക്ഷിക്കാം,” അദ്ദേഹം പറഞ്ഞു.
“സ്വാശ്രയ” ഇന്ത്യയുടെ പ്രാധാന്യം എടുത്തുകാട്ടിയ ഭദൗരിയ, “സ്വാശ്രയത്വം കൈവരിക്കുന്നതിനായി തദ്ദേശീയ ഉപകരണങ്ങൾ” വർദ്ധിപ്പിച്ച് അതിന്റെ പോരാട്ട ശേഷി വർദ്ധിപ്പിക്കുന്ന കാഴ്ചപ്പാട് വ്യോമസേനയ്ക്കുണ്ടെന്ന് പറഞ്ഞു.
കിഴക്കൻ ലഡാക്കിലെ ഇന്ത്യ-ചൈന അതിർത്തിയിലെ ഏറ്റുമുട്ടൽ അഞ്ച് മാസത്തിലേറെയായി തുടരുകയാണ്.
ഒക്ടോബർ 12 ന് ഈ വിഷയത്തിൽ പുതിയ ചർച്ചകൾ ആരംഭിക്കും. സംഘർഷഭരിതമായ സ്ഥലങ്ങളിൽ നിന്ന് സൈനികരെ തിരിച്ചെടുക്കുന്നതിനുള്ള ഒരു മാർഗ രേഖ കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ചർച്ചകൾ.