ജില്ലാതല റിപ്പബ്ലിക് ദിനാഘോഷം: രാജ്യത്ത് അസമത്വവും അവകാശങ്ങള്‍ക്കു മേലുള്ള കടന്നു കയറ്റവും വര്‍ധിക്കുന്നു: മന്ത്രി വി. അബ്ദുറഹ്‌മാന്‍

0 300

രാജ്യത്ത് അസമത്വവും അവകാശങ്ങള്‍ക്കുമേലുള്ള കടന്നു കയറ്റവും വര്‍ധിച്ചുവരുന്നത് ആശങ്കാജനകമാണെന്ന് സംസ്ഥാന കായിക- വഖഫ്- ഹജ്ജ് വകുപ്പു മന്ത്രി വി. അബ്ദുറഹ്‌മാന്‍ പറഞ്ഞു. 73-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ജില്ലാതല പരിപാടിയില്‍ റിപ്പബ്ലിക്ദിന സന്ദേശം നല്‍കി സംസാരിക്കുകയായിരുന്നു മന്ത്രി.

നമ്മുടെ ഭരണഘടനയുടെ തന്നെ ജീവസത്തയാണ് ഫെഡറല്‍ സ്പിരിറ്റ്. പലവിധത്തിലും വൈവിധ്യം നിലനില്‍ക്കുന്ന രാജ്യത്തെ ഒരുമിപ്പിച്ചു നിര്‍ത്തുന്ന പ്രധാന ഘടകം വൈവിധ്യത്തെ അംഗീകരിക്കുന്ന ഫെഡറല്‍ സത്തയാണ്. എന്നാല്‍, ഇന്ന് ആ വൈവിധ്യം ഇല്ലാതാക്കാനുള്ള നീക്കങ്ങളാണ് കാണുന്നത്. സംസ്ഥാനങ്ങള്‍ക്ക് സവിശേഷമായ അവകാശങ്ങളും അധികാരങ്ങളുമുള്ള രാജ്യമാണ് നമ്മുടേത്. ഈ അവകാശാധികാരങ്ങള്‍ക്കു നേര്‍ക്ക് കടന്നുകയറ്റം പതിവായിരിക്കുന്നു. ഫെഡറല്‍ സമ്പ്രദായത്തില്‍ സംസ്ഥാനങ്ങളെയും അവയുടെ അധികാരങ്ങളെയും അംഗീകരിക്കുക പ്രധാനമാണെന്ന് മന്ത്രി പറഞ്ഞു.

ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളും ആശയങ്ങളും എത്രത്തോളം പ്രാവര്‍ത്തികമാക്കാന്‍ സാധിച്ചിട്ടുണ്ട് എന്നു പരിശോധിക്കാനുള്ള അവസരമാണ് റിപ്പബ്ലിക് ദിനാഘോഷം. അത്തരം പരിശോധനകളും അതിന്റെ അടിസ്ഥാനത്തിലുള്ള തെറ്റു തിരുത്തലുകളും സ്വതന്ത്ര, സോഷ്യലിസ്റ്റ്, മതനിരപേക്ഷ ജനാധിപത്യ, റിപ്പബ്ലിക്ക് എന്ന നിലയില്‍ കൂടുതല്‍ ശക്തമായി നിലകൊള്ളാന്‍ രാഷ്ട്രത്തെ സഹായിക്കും. സ്വാതന്ത്ര്യത്തിനു ശേഷം എല്ലാ മേഖലകളിലും ഇന്ത്യ വളരെ മുന്നോട്ടു പോയിട്ടുണ്ട്. രാഷ്ട്രീയ, സാമൂഹ്യ ജീവിതത്തിലും ശാസ്ത്ര സാങ്കേതിക മേഖലകളിലും ഏഴ് പതിറ്റാണ്ടു കൊണ്ട് നേടിയ വളര്‍ച്ച ഏറെ വലുതാണ്.

എന്നാല്‍, ഈ നേട്ടങ്ങളുടെ പ്രയോജനം രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ഒരു പോലെ ലഭ്യമായില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഏതാനും പേര്‍ അതിധനികരായി തീരുകയും അവരുടെ വരവിന്റെ മാത്രം അടിസ്ഥാനത്തിലുള്ള ജി.ഡി.പിയില്‍ മേനി നടിക്കുകയും ചെയ്യുന്ന സമ്പദ്വ്യവസ്ഥയല്ല നമ്മുടെ ലക്ഷ്യം. ഓരോ മനുഷ്യനെയും ചേര്‍ത്തുപിടിച്ചു കൊണ്ടുള്ള വികസനമാകണം നാം സാധ്യമാക്കേണ്ടത്. നമ്മുടെ വികസന മാതൃക ജനകീയ ബദലാണ്. നമ്മുടെ വികസന കാഴ്ചപ്പാടില്‍ മനുഷ്യര്‍ക്കും പ്രകൃതിക്കും ഒരുപോലെ പ്രാധാന്യമുണ്ട്. രാജ്യത്തിനു രാഷ്ട്രീയ സുരക്ഷ ഒരുക്കുന്നതു പോലെ തന്നെ പ്രധാനമാണ് ആ രാജ്യത്തെ ജൈവഘടനയുടെ സംരക്ഷണവും. പരിസ്ഥിതിയെ ഒരു നിക്ഷേപമായി കാണാന്‍ നാം ശീലിക്കേണ്ടിയിരിക്കുന്നു. ഓരോ മനുഷ്യന്റെയും ആവശ്യത്തിനുള്ള വിഭവങ്ങള്‍ പ്രകൃതിയിലുണ്ട്. എന്നാല്‍, ദുരാഗ്രഹങ്ങള്‍ തീര്‍ക്കുവാനുള്ള വിഭവങ്ങള്‍ ഇല്ലതാനും. ഈ കാഴ്ചപ്പാടിലൂടെയാണ് പരിസ്ഥിതി സംരക്ഷണത്തിനു നാം നയം രൂപീകരിക്കേണ്ടത്.

മറ്റുള്ളവരുടെ വയറുനിറയ്ക്കാന്‍ കഷ്ടപ്പെടുന്ന കര്‍ഷകരുടെ വയര്‍ ഇന്ന് നിറയുന്നില്ല. അവര്‍ക്ക് ജീവിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയാണ്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ രാജ്യത്ത് ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം 3 ലക്ഷത്തിനു മുകളിലാണ്. ജാതിയുടെ പേരില്‍ ദുര്‍ബലരും നിസ്സഹായരുമായ വലിയ വിഭാഗം പൗരന്മാര്‍ക്ക് നീതി നിഷേധിക്കപ്പെടുന്നതിന്റെ റിപ്പോര്‍ട്ടുകള്‍ തുടര്‍ച്ചയായി നാം കാണുന്നു. തെരുവില്‍ അവര്‍ അതിക്രൂരമായി പീഡിപ്പിക്കപ്പെടുന്നു. കൊല്ലപ്പെടുന്നു. ഭരണഘടനയുടെ ആമുഖത്തില്‍ പറയുന്ന മതനിരപേക്ഷ സങ്കല്‍പ്പത്തിന് എതിരാണ് ഈ ചെയ്തികള്‍.

രാജ്യത്തിന്റെയും ഓരോ പ്രദേശത്തിന്റെ തന്നെയും ചരിത്രം വളച്ചൊടിക്കുന്നു. സ്വാതന്ത്ര്യത്തിനായി പോരാടി മരണം വരിച്ച ധീരദേശാഭി മാനികളെ പോലും അപമാനിക്കുകയാണ്. പാഠപുസ്തകത്തിലൂടെ വര്‍ഗീയതയും വ്യാജചരിത്രവും പ്രചരിപ്പിക്കാന്‍ വ്യാപക ശ്രമങ്ങളും നടക്കുന്നു. മന്ത്രി പറഞ്ഞു.

വിപരീത സാഹചര്യങ്ങള്‍ക്കിടയിലും, ജനക്ഷേമത്തിലും വികസനത്തിലും മികവുറ്റ ബദല്‍ മാതൃകയായി കേരളം മുന്നോട്ടുപോകുന്നുവെന്നത് അഭിമാനമാണ്. സര്‍വതലസ്പര്‍ശിയും സാമൂഹ്യനീതിയില്‍ അധിഷ്ഠിതവുമായ സമഗ്രവികസനമാണ് സര്‍ക്കാര്‍ ലക്ഷ്യം. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, പാര്‍പ്പിടം, ആരോഗ്യം, വിദ്യാഭ്യാസം എന്നിവ നിറവേറ്റാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. സ്‌കൂളുകളെയും ആശുപത്രികളെയും ലോകനിലവാരത്തിലേക്ക് ഉയര്‍ത്താനായി. ആരോഗ്യമേഖലയിലെ മുന്നേറ്റം ഇന്ന് ലോക ശ്രദ്ധയാകര്‍ഷിക്കുകയാണ്. ഒരു പൗരന് പോലും കോവിഡ് ചികിത്സ കിട്ടാത്ത സാഹചര്യമില്ല. മറ്റ് ആരോഗ്യ സേവനങ്ങള്‍ക്കായി ദീര്‍ഘദൂരം സഞ്ചരിക്കേണ്ടി വരുന്നില്ല. വാക്‌സിനേഷന്റെ കാര്യത്തിലും കേരളം മുന്നിലാണ്.

നമ്മുടെ ഗതാഗത മാര്‍ഗ്ഗങ്ങളും മെച്ചപ്പെടുന്നുണ്ട്. മലയോര, തീരദേശ ഹൈവേകള്‍ അതിവേഗം പൂര്‍ത്തിയാവുകയാണ്. ദേശീയപാത വികസനവും നല്ല നിലയില്‍ മുന്നോട്ടുപോകുന്നു. ടൂറിസം മേഖലയില്‍ വലിയ കുതിപ്പിലാണ് കേരളം. കായിക മേഖലയില്‍ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ രാജ്യത്ത് ഒന്നാമതാവുകയാണ് നമ്മള്‍. നിതി ആയോഗ് തയ്യാറാക്കിയ പബ്ലിക് അഫയേഴ്‌സ് ഇന്‍ഡക്‌സില്‍ ഏറ്റവും മികച്ച സംസ്ഥാനമായി കേരളം തെരഞ്ഞെടുക്കപ്പെട്ടു. സമത്വം, വളര്‍ച്ച, സുസ്ഥിരത എന്നീ മാനകങ്ങളെ അടിസ്ഥാനമാക്കിയാണ് ഇന്‍ഡക്‌സ് തയ്യാറാക്കിയത്. കേരളം ശരിയായ പാതയിലാണ് എന്നതിന് തെളിവാണ് ഈ നേട്ടമെന്ന് മന്ത്രി പറഞ്ഞു. സില്‍വര്‍ലൈന്‍ പോലുള്ള പദ്ധതികള്‍ കേരളത്തിന്റെ സാമൂഹ്യ, സാമ്പത്തിക മേഖലയില്‍ സൃഷ്ടിക്കാന്‍ പോകുന്ന മാറ്റം വളരെ വലുതായിരിക്കും.

സംസ്ഥാന ഗവണ്‍മെന്റിന്റെ വികസന നേട്ടങ്ങള്‍ നല്ല നിലയില്‍ അനുഭവിക്കുന്ന മേഖലയാണ് വയനാട്. ഒരു കാലത്ത് തീര്‍ത്തും അവഗണിക്കപ്പെട്ടിരുന്ന വയനാട് ഇന്ന് വികസനപാതയിലാണ്. കാര്‍ഷിക രംഗത്തും ഗതാഗത, ടൂറിസം മേഖലകളിലും ഈ മാറ്റം കാണാം.
ദക്ഷിണേന്ത്യയില്‍ ഏറ്റവും പഴക്കം ചെന്ന സംസ്‌കാരം നിലനിന്ന പ്രദേശമാണിത്. എടക്കല്‍ ഗുഹാചിത്രങ്ങളും വിവിധ സ്ഥലങ്ങളില്‍ നിന്ന് കണ്ടെടുത്ത ചരിത്രാവശിഷ്ടങ്ങളും അതിന് തെളിവാണ്. 1857 ലെ ആദ്യ സ്വാതന്ത്ര്യസമരത്തിന് മുമ്പ് ഈസ്റ്റ് ഇന്ത്യാ കമ്പനി ക്കെതിരെ പോരാട്ടം നടത്തിയവരാണ് വയനാട്ടുകാരെന്നും മന്ത്രി അനുസ്മരിച്ചു.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന ജില്ലാതല റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിലേക്ക് ചടങ്ങിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശമുണ്ടായിരുന്നില്ല. ക്ഷണിക്കപ്പെട്ട വ്യക്തിത്വങ്ങള്‍ ഉള്‍പ്പെടെ പരമാവധി 50 പേര്‍ക്കാണ് പ്രവേശനം അനുവദിച്ചത്. രാവിലെ 8.40 മുതല്‍ ചടങ്ങുകള്‍ ആംഭിച്ചു. 9 ന് വിശിഷ്ടാതിഥിയായ മന്ത്രി വി. അബ്ദുറഹ്‌മാന്‍ ദേശീയ പതാക അണ്‍ഫോള്‍ഡ് ചെയ്ത് അഭിവാദ്യം ചെയ്തു. പരേഡ് വീക്ഷിക്കുകയും സല്യൂട്ട് സ്വീകരിക്കുകയും ചെയ്ത ശേഷം അദ്ദേഹം റിപ്പബ്ലിക് സന്ദേശം നല്‍കി.

ജില്ലാ കളക്ടര്‍ എ.ഗീത, ജില്ലാ പോലീസ് മേധാവി ഡോ.അരവിന്ദ് സുകുമാര്‍ എന്നിവരും അഭിവാദ്യം സ്വീകരിച്ചു. റിപ്പബ്ലിക് പരേഡില്‍ നാല് പ്ലാറ്റൂണുകളാണ് അണിനിരക്കുന്നത്. പോലീസിന്റെ രണ്ട് പ്ലാറ്റൂണുകളും എക്‌സൈസ്, ഫോറസ്റ്റ് എന്നിവരുടെ ഓരോ പ്ലാറ്റൂണുകളും. പുല്‍പ്പള്ളി പോലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ എ.അന്തകൃഷ്ണയാിരുന്നു പരേഡ് കമാന്‍ഡര്‍. വിദ്യാഭഅയാസ വകുപ്പിനു കീഴിലുള്ള വിവിധ സ്‌കൂളുകളിലെ തിരഞ്ഞെടുക്കപ്പെട്ട അധ്യാപകരും ജില്ലാ റവന്യൂ വകുപ്പിലെ ജീവനക്കാരും ദേശഭക്തിഗാനം അവതരിപ്പിച്ചു.

ചടങ്ങില്‍ എം.എല്‍.എമാരായ ടി. സിദ്ദിഖ്, ഒ.ആര്‍. കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, കല്‍പ്പറ്റ നഗരസഭാ ചെയര്‍മാന്‍ കേയംതൊടി മുജീബ്, സബ് കലക്ടര്‍ ആര്‍. ശ്രീലക്ഷ്മി, എ.ഡി.എം എന്‍.ഐ ഷാജു, ഡെപ്യൂട്ടി കലക്ടര്‍ കെ. അജീഷ്, നടന്‍ അബൂസലീം തുടങ്ങിയവര്‍ പങ്കെടുത്തു.