എറണാകുളം തോപ്പുംപടി ബീച്ച് റോഡിനു സമീപമുള്ള കടല്‍ തീരത്തേയ്ക്ക് പരിക്കുകളോടെ എത്തിയ ഡോള്‍ഫിനെ പ്രദേശവാസികളും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് ഏറെ പണിപ്പെട്ട് കടലിലേക്ക് തിരിച്ചയച്ചു. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് അപ്രതീക്ഷിതമായി നാട്ടുകാര്‍ ഡോള്‍ഫിനെ കണ്ടെത്തിയത്. ഡോള്‍ഫിന്‍ തീരത്ത് അടിഞ്ഞതോടെ നായ്ക്കള്‍ ചുറ്റുംകൂടി ഉച്ചത്തില്‍ കുരയ്ക്കാന്‍ തുടങ്ങി. ഇതുകണ്ടാണ് സമീപത്തുള്ള ആളുകള്‍ സ്ഥലത്തെത്തുന്നത്.
ഇന്റര്‍ ഡ്രൈവ് ഡയറക്ടര്‍ വില്‍ഫ്രഡ് ഇമ്മാനുവലും സുഹൃത്ത് ജോബിയും കടലില്‍ അരയ്‌പ്പൊക്കം വെള്ളത്തില്‍ ഇറങ്ങി രണ്ടര മണിക്കൂറോളം സമയം ഡോള്‍ഫിനെ കടലിലേക്ക് തിരിച്ച് അയയ്ക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ വളരെ പണിപ്പെട്ട് കടലിനുള്ളിലേക്ക് അയച്ചിട്ടും ഡോള്‍ഫിന്‍ തിരികെ തീരത്തേക്കുതന്നെ എത്തുകയായിരുന്നു.
തുടര്‍ന്ന് ഇവര്‍ക്കൊപ്പം മത്സ്യത്തൊഴിലാളികള്‍കൂടി ചേര്‍ന്ന് വീണ്ടും ഡോള്‍ഫിനെ കടലിലേക്ക് വിട്ടു. എന്നാല്‍ ആ പരിശ്രമവും വിജയം കണ്ടില്ല. വീണ്ടും കരയിലേക്കെത്തിയ ഡോള്‍ഫിനെ നീന്തല്‍ പരിശീലകനായ വില്‍ഫ്രഡ് ഇമ്മാനുവലിന്റെ നേതൃത്വത്തില്‍ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് കടലിലേക്ക് തിരിച്ചയയ്ക്കാനായത്.
ഇതിന് 60 കിലോയിലേറെ തൂക്കവും ആറര അടിയോളം നീളവുമുണ്ട്. ഡോള്‍ഫിന്റെ ശരീരത്തില്‍ പലയിടത്തും മുറിവുകളുണ്ടായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. കടലില്‍ നീന്താന്‍ ഇറങ്ങുമ്പോള്‍ പലപ്പോഴും ഡോള്‍ഫിന്റെ സാന്നിധ്യം ഉണ്ടാകാറുണ്ടെന്ന് വില്‍ഫ്രഡ് പറഞ്ഞു.