ഐ എന്‍ എല്‍ പിളര്‍ന്നു; അബ്ദുള്‍ വഹാബ് പക്ഷം പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു

0 2,120

മാസങ്ങള്‍നീണ്ട തര്‍ക്കങ്ങള്‍ക്കൊടുവില്‍ ഐ എന്‍ എല്‍ സംസ്ഥാന നേതൃത്വം രണ്ടായി പിളര്‍ന്നു. അബ്ദുള്‍ വഹാബ് പക്ഷം പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചുകൊണ്ട് മറ്റൊരു കമ്മിറ്റി രൂപീകരിക്കുകയായിരുന്നു. എ പി അബ്ദുള്‍ വഹാബ് പ്രസിഡന്റായി തുടര്‍ന്നുകൊണ്ട് പുതിയ കമ്മിറ്റിയില്‍ നാസര്‍കോയ തങ്ങള്‍ ജനറല്‍ സെക്രട്ടറിയും വഹാബ് ഹാജി ട്രഷററുമാകും.

ദേശീയ നേതൃത്വത്തിന്റെ ഇടപെടലോടെ എ പി അബ്ദുള്‍ വഹാബിന് ഐ എന്‍ എല്‍ സംസ്ഥാന പ്രസിഡന്റ് സ്ഥാനം നഷ്ടമായിരുന്നു. അബ്ദുള്‍ വഹാബും കാസിം ഇരിക്കൂറും തമ്മില്‍ നാളുകളായി തുടരുന്ന അഭിപ്രായ ഭിന്നത വലിയ ചര്‍ച്ചയായിരുന്നു.

പാര്‍ട്ടിക്കുള്ളില്‍ കാലങ്ങളായി പുകയുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള സമവായ നീക്കങ്ങളെല്ലാം പാളിയ പശ്ചാത്തലത്തില്‍ ദേശീയ നേതൃത്വം സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടതായി അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ദേശീയ നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കില്ലെന്ന നിലപാടാണ് എ പി അബ്ദുള്‍ വഹാബ് സ്വീകരിച്ചിരുന്നത്. സംസ്ഥാന കൗണ്‍സില്‍ പിരിച്ചുവിടാന്‍ ദേശീയ കൗണ്‍സിലിന് അധികാരമില്ലെന്നും അതിനാല്‍ തന്നെ ഈ തീരുമാനം അംഗീകരിക്കില്ലെന്നും അബ്ദുള്‍ വഹാബ് പ്രതികരിച്ചിരുന്നു. ഇത് മധ്യസ്ഥ ചര്‍ച്ചയുടെ ലംഘനമാണ്. ദേശീയ നേതൃത്വത്തിന്റെ ഇടപെടലിന് വിലക്കുണ്ടായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.