അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം നിർമ്മാണ പ്രവൃത്തിക്ക് തുടക്കമായി

0 1,093

അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം നിർമ്മാണ പ്രവൃത്തിക്ക് തുടക്കമായി

 

സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായി പടിയൂർ-കല്ല്യാട് ഗ്രാമപഞ്ചായത്തിൽ ആരംഭിക്കുന്ന അന്താരാഷ്ട്ര ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആദ്യഘട്ട നിർമ്മാണ പ്രവൃത്തിക്ക് തുടക്കമായി. 100 കിടക്കകളുള്ള ആധുനിക സൗകര്യങ്ങളോടു കൂടിയ ആശുപത്രി ബ്ലോക്ക്, മാനുസ്‌ക്രിപ്റ്റ് സ്റ്റഡി സെന്റർ, ഹെർബൽ നഴ്സറി എന്നിവയാണ് ഒന്നാംഘട്ടമായി നിർമ്മിക്കുന്നത്. 36.5 ഏക്കറിൽ കിഫ്ബി അനുവദിച്ച 69 കോടി രൂപ ഉപയോഗിച്ചാണ് ഒന്നാംഘട്ട പ്രവൃത്തി നടത്തുക. മാനുസ്‌ക്രിപ്റ്റ് സ്റ്റഡി സെന്ററിന്റെ നിർമ്മാണ പ്രവൃത്തി ഡിസംബർ മാസത്തോടെ പൂർത്തിയാകും. പൊതുജനങ്ങൾക്കും ഉപയോഗിക്കാവുന്ന രീതിയിൽ ഡിജിറ്റൈസ് ചെയ്താണ് താളിയോല ഗ്രന്ഥങ്ങൾ ഇവിടെ സൂക്ഷിക്കുക. 2023 ജൂലൈയോടെ ഒന്നാംഘട്ട പ്രവൃത്തികൾ പൂർത്തിയാകും. എറണാകുളത്തുള്ള ശില്പാ കൺസ്ട്രക്ഷനാണ് നിർമ്മാണ ചുമതല.
311 ഏക്കറിൽ 300 കോടി രൂപ ചെലവിൽ കല്ല്യാട് തട്ടിൽ നിർമിക്കുന്ന ഗവേഷണ കേന്ദ്രത്തിൽ ആയുർവേദ അറിവുകളും ലോകമെമ്പാടുമുള്ള പാരമ്പര്യ ചികിത്സാരീതികളും പ്രദർശിപ്പിക്കുന്ന അന്താരാഷ്ട്ര ആയുർവേദ മ്യൂസിയം, താളിയോലകൾ ഡിജിറ്റൈസ് ചെയ്തു സൂക്ഷിക്കുന്ന അത്യാധുനിക മാനുസ്‌ക്രിപ്റ്റ് റീഡിങ് സെന്റർ, അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, ശാസ്ത്രജ്ഞന്മാർക്ക് ക്വാർട്ടേഴ്‌സ്, ഫാക്കൽറ്റികൾക്കും വിദ്യാർഥികൾക്കുമുള്ള ഹൗസിംഗ് സംവിധാനം എന്നിവയാണ് ഒരുക്കുക. ആയുർവേദ രംഗത്ത് മാത്രമല്ല, സംസ്ഥാനത്തെ ആരോഗ്യരംഗത്ത് തന്നെ വലിയൊരു കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്നതാണ് അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം. കെ കെ ശൈലജ ടീച്ചർ എം എൽ എ, പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബി ഷംസുദ്ദീൻ, വൈസ് പ്രസിഡണ്ട് ആർ മിനി, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ രാകേഷ്, വാർഡ് അംഗം രാഖി രവീന്ദ്രൻ, എഡിഎം കെ കെ ദിവാകരൻ, ദേശീയ ആയുഷ്മിഷൻ ഡി പി എം ഡോ. കെ സി അജിത്ത്കുമാർ, കിറ്റ്കോ പ്രതിനിധികൾ, ശിൽപ കൺസ്ട്രക്ഷൻ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.