ഐ ഫോൺ വിവാദം: കോടിയേരി ബാലകൃഷ്ണന്‍ മാപ്പ് പറയണമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഐ ഫോൺ നൽകിയെന്ന മൊഴിയിൽ യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ മലയക്കം മറിഞ്ഞ സാഹചര്യത്തിൽ, തനിക്കെതിരെ ആരോപണം ഉന്നയിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐ ഫോണ്‍ വിവാദത്തില്‍ കോടിയേരി ബാലകൃഷ്ണൻ തന്നെ ക്രൂശിക്കാൻ ശ്രമിച്ചുവെന്നും, അദ്ദേഹം മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമ നടപടിയുമായി താന്‍ മുന്നോട്ട് പോകുമെന്നും ചെന്നിത്തല വ്യക്തമാക്കി. ദുബായില്‍ പോയപ്പോള്‍ തനിക്കും ഭാര്യയ്ക്കുമായി താന്‍ രണ്ട് ഐഫോണുകള്‍ കാശ് കൊടുത്ത് വാങ്ങിയിട്ടുണ്ടെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. അതില്‍ താന്‍ ഉറച്ചു നില്‍ക്കുകയാണെന്നും ചെന്നിത്തല വ്യക്തമാക്കി.
യു.എ.ഇ. ദിനാഘോഷവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവിന് സ്വപ്ന വഴി ഐ ഫോൺ സമ്മാനിച്ചുവെന്നായിരുന്നു സന്തോഷ് ഈപ്പന്റെ ആരോപണം. ലൈഫ് മിഷൻ ക്രമക്കേടുമായി ബന്ധപ്പെട്ട സി.ബി.ഐ. അന്വേഷണത്തിനെതിരേ സന്തോഷ് ഈപ്പൻ ഹൈക്കോടതയിൽ നൽകിയ ഹർജിയിലാണ് ഐ ഫോൺ നൽകിയ കാര്യം വ്യക്തമാക്കിയത്.
ഐ ഫോണുകളുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് പറഞ്ഞ കാര്യങ്ങള്‍ മാത്രമെ അറിയാവൂ എന്നും ഫോണ്‍ ആര്‍ക്കൊക്കെയാണ് വിതരണം ചെയ്തതെന്ന് നേരിട്ട് അറിയില്ലെന്നും സന്തോഷ് ഈപ്പന്‍ വിജിലന്‍സിന് മൊഴി നല്‍കിരുന്നു.
അതേസമയം, യുഎഇ കോൺസുലേറ്റ് നടത്തിയ നറുക്കെടുപ്പിൽ കോടിയേരി ബാലകൃഷ്‌ണന്റെ മുൻ സ്റ്റാഫ് അംഗത്തിനു ഐ ഫോൺ സമ്മാനമായി കിട്ടിയെന്ന് രമേശ് ചെന്നിത്തല നേരത്തേ ആരോപിച്ചിരുന്നു. 2019 ഡിസംബർ രണ്ടിന് നടന്ന യുഎഇ ദിനാഘോഷത്തിന്റെ ചിത്രങ്ങൾ സഹിതമാണ് ചെന്നിത്തല ആരോപണമുന്നയിച്ചത്.
കോടിയേരി ആഭ്യന്തരമന്ത്രിയായിരിക്കെ പേഴ്‌സണൽ സ്റ്റാഫ് അംഗമായിരുന്ന എ.പി.രാജീവൻ അടക്കം മൂന്ന് പേർക്കാണ് സ്‌മാർട്ട് ഫോൺ സമ്മാനമായി കിട്ടിയതെന്ന് ചെന്നിത്തല ആരോപിച്ചിരുന്നു.
ലക്കി ഡിപ്പ് വഴിയായിരുന്ന സമ്മാനം നൽകിയത്. തന്റെ സ്റ്റാഫിൽ പെട്ട ഹബീബിന് ലക്കി ഡിപ്പിൽ വാച്ച് സമ്മാനമായി കിട്ടിയിരുന്നു. കോൺസുൽ ജനറലാണ് ലക്കി ഡിപ്പ് സമ്മാനം കൊടുക്കാൻ ആവശ്യപ്പെട്ടതെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.