IPL 2020: ടൂര്‍ണമെന്റ് അടച്ചിട്ട സ്‌റ്റേഡിയത്തില്‍ നടത്താന്‍ തയ്യാറെന്ന് ഗാംഗുലി

0 396

IPL 2020: ടൂര്‍ണമെന്റ് അടച്ചിട്ട സ്‌റ്റേഡിയത്തില്‍ നടത്താന്‍ തയ്യാറെന്ന് ഗാംഗുലി
മുംബൈ: ക്രിക്കറ്റ് പ്രേമികളുടെ കാത്തിരിപ്പിന് പ്രതീക്ഷയേകി ഐപിഎല്‍ റദ്ദാക്കില്ലെന്ന സൂചന നല്‍കിയിരിക്കുകയാണ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ടൂര്‍ണമെന്റ് നടത്താനുള്ള എല്ലാ സാധ്യതകളും ബിസിസിഐ പരിശോധിക്കുന്നുണ്ട്. അടച്ചിട്ട സ്‌റ്റേഡിയത്തില്‍ ഐപിഎല്‍ സംഘടിപ്പിക്കാന്‍ തയ്യാറാണെന്നും ഗാംഗുലി അറിയിച്ചു. ഇതേക്കുറിച്ചു ബിസിസിഐയില്‍ അംഗമായ എല്ലാ അസോസിയേഷനുകള്‍ക്കും അദ്ദേഹം കത്തയക്കുകയും ചെയ്തിട്ടുണ്ട്.

ഐപിഎല്‍ ഈ വര്‍ഷം സംഘടിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് ബിസിസിഐ. ഇതിനു വേണ്ടി എല്ലാ സാധ്യതകളും പരിശോധിക്കും. ഇനി കാണികളില്ലാതെ ഒഴിഞ്ഞ സ്‌റ്റേഡിയത്തില്‍ മല്‍സരം നടത്താനും ബിസിസിഐ ഒരുക്കമാണ്. ആരാധകര്‍, ഫ്രാഞ്ചൈസികള്‍, താരങ്ങള്‍, ബ്രോഡ്കാസ്റ്റര്‍മാര്‍, സ്‌പോണ്‍സര്‍മാര്‍, മറ്റു ഓഹരി ഉടമകള്‍ എന്നിവരെല്ലാം ഐപിഎല്‍ ഈ വര്‍ഷമുണ്ടാവണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് ഗാംഗുലി കത്തില്‍ കുറിച്ചു. അടുത്തിടെ ഇന്ത്യയുടെ മാത്രമല്ല മറ്റു രാജ്യങ്ങളിലെ താരങ്ങളും ഐപിഎല്‍ നടത്തണമെന്നും തങ്ങള്‍ കളിക്കാന്‍ തയ്യാറാണെന്നും അറിയിച്ചിരുന്നു. ഞങ്ങള്‍ ശുഭപ്രതീക്ഷയിലാണ്. ഐപിഎല്ലിന്റെ ഭാവിയെക്കുറിച്ച്‌ അധികം വൈകാതെ തന്നെ ബിസിസിഐ തീരുമാനം കൈക്കൊള്ളുമെന്നും ഗാംഗുലി കത്തില്‍ വിശദമാക്കി.