കൊറോണ വൈറസ് ഭീഷണി ; ഐപിഎല്‍ നീട്ടി
മുംബൈ: കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റ് ഏപ്രില്‍ 15വരെ ആരംഭിക്കില്ലെന്ന് ബിസിസിഐ ഇന്നലെ അറിയിച്ചു. മാര്‍ച്ച് 29നായിരുന്നു ഐപിഎല്‍ ഉദ്ഘാടന മത്സരം നടക്കേണ്ടിയിരുന്നത്. പൊതുജനങ്ങളുടെ ആരോഗ്യം ബിസിസിഐ പരിഗണിക്കുന്നതായും കേന്ദ്ര കായിക മന്ത്രാലയവും വിവിധ സംസ്ഥാന സര്‍ക്കാരുകളുമായും ചര്‍ച്ച ചെയ്താണ് തീരുമാനം കൈക്കൊണ്ടതെന്നും ബിസിസിഐ വ്യക്തമാക്കി. നേരത്തേ ഐപിഎല്‍ മാറ്റിവയ്ക്കില്ലെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി അറിയിച്ചിരുന്നു. എന്നാല്‍, കൊറോണ ഭീഷണി ശക്തമായതോടെ കാണികളെ പ്രവേശിപ്പിക്കാതെ അടച്ച സ്റ്റേഡിയങ്ങളില്‍ മത്സരങ്ങള്‍ നടത്താന്‍ ബിസിസിഐ പദ്ധതിയിട്ടു. എന്നാല്‍, ഫ്രാഞ്ചൈസികള്‍ അതിനെ അനുകൂലിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, കാണികളില്ലാതെ കളി നടത്തിയാല്‍പോലും വിദേശ താരങ്ങളില്ലാതെ മത്സരങ്ങള്‍ക്ക് തയാറല്ലെന്ന് ഉടമകള്‍ നിലപാടെടുത്തതായും സൂചനയുണ്ട്. ഐപിഎല്‍ ഉപേക്ഷിച്ചാല്‍ 10,000 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ഏപ്രില്‍ 15 വരെ വിദേശികള്‍ക്കുള്ള വീസകള്‍ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയതോടെയാണ് ഐപിഎല്‍ മാറ്റിവയ്ക്കാന്‍ ബിസിസിഐ നിര്‍ബന്ധിതമായത്. കൊറോണ പടരുന്ന പശ്ചാത്തലത്തില്‍ ഐപിഎല്‍ ഡല്‍ഹിയില്‍ നടക്കില്ലെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഇന്നലെ വ്യക്തമാക്കി. നേരത്തേ കര്‍ണാടക, മഹാരാഷ്ട്ര സര്‍ക്കാരുകളും ഐപിഎല്‍ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.