ചുങ്കകുന്ന് റേഷൻ കടയിൽ വീണ്ടും ക്രമക്കേട്,ലൈസൻസ് സസ്പെൻഡ് ചെയ്തു

0 560

കേളകം: ചുങ്കക്കുന്നിലെ റേഷൻ കടയിൽ വീണ്ടും ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് കടയുടെ ലൈസൻസ് സിവിൽ സപ്ലൈസ് വകുപ്പ് സസ്പെൻഡ് ചെയ്തു. ARD 2379081 നമ്പർ റേഷൻ കടയാണ് സസ്പെൻഡ് ചെയ്തത്. ഇരിട്ടി താലൂക്ക് സപ്ലൈ ഓഫീസർ നടത്തിയ മിന്നൽ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.

5 ക്വിന്റൽ അരി സ്റ്റോക്കിൽ കുറവ് കണ്ടെത്തുകയായിരുന്നു.മണത്തണയിലെ സന്ദീപ് ആണ് ഷോപ്പ് നടത്തുന്നത്. ഒക്ടോബർ 23 നായിരുന്നു അധികൃതർ പരിശോധന നടത്തിയത്. ലൈസൻസ് സസ്പെൻഡ് ചെയ്തു കൊണ്ടുള്ള ഉത്തരവ് വ്യാഴാഴ്ച പ്രാബല്യത്തിൽ വന്നു.അരിക്ക് പകരം ചാക്കുകളിൽ അറക്കപ്പൊടി നിറച്ച് കൃത്രിമ സ്റ്റോക്ക് കാണിച്ചതിനെ തുടർന്ന് ഇതേ കട മുൻപ് സസ്പെൻഡ് ചെയ്തിരുന്നു. ഒടുവിൽ ഭക്ഷ്യ മന്ത്രി നേരിട്ട് കണ്ണൂരിൽ നടത്തിയ അദാലത്തിൽ ലൈസൻസ് ഇതേ ഉടമയ്ക്ക് തിരിച്ചു നൽകുകയും ചെയ്തിരുന്നു. ഇതേ കടയിൽ തന്നെയാണ് വീണ്ടും ക്രമക്കേടും നടപടിയും ഉണ്ടായിരിക്കുന്നത്.