രാജ്യത്തിന്‍റെ പെണ്‍മക്കള്‍ക്കായി ശബ്ദമുയര്‍ത്തുന്നത് കുറ്റമാണോ? ഗുജറാത്ത് പൊലീസ് വീട്ടുതടങ്കലിലാക്കിയെന്ന് എംഎല്‍എ ജിഗ്നേഷ് മേവാനി

0 327

രാജ്യത്തിന്‍റെ പെണ്‍മക്കള്‍ക്കായി ശബ്ദമുയര്‍ത്തുന്നത് കുറ്റമാണോ? ഗുജറാത്ത് പൊലീസ് വീട്ടുതടങ്കലിലാക്കിയെന്ന് എംഎല്‍എ ജിഗ്നേഷ് മേവാനി

ഗുജറാത്ത് പൊലീസ് വീട്ടുതടങ്കലിലാക്കിയെന്ന് എംഎല്‍എ ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസ് നേതാവ് ഹാര്‍ദിക് പട്ടേലും. ട്വീറ്റിലൂടെയാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്.

“ഗുജറാത്തില്‍ സംഭവിക്കുന്നത് ജനാധിപത്യത്തിന്‍റെ നാശമാണ്. ഹാഥ്റസ് പെണ്‍കുട്ടിക്ക് നീതി തേടിയുള്ള റാലിയില്‍ പങ്കെടുക്കാന്‍ എന്നെ അനുവദിക്കുന്നില്ല. അഹമ്മദാബാദില്‍ തടഞ്ഞുവെച്ചിരിക്കുകയാണ് എന്നെ. മുറിയില്‍ നിന്ന് പുറത്തുപോവാന്‍ പോലും അനുവദിക്കുന്നില്ല. ഹാര്‍ദിക് പട്ടേലിനെയും റാലിയില്‍ പങ്കെടുക്കാന്‍ അനുവദിച്ചില്ല” – ജിഗ്നേഷ് മേവാനി ട്വീറ്റ് ചെയ്തു.

താനും വീട്ടുതടങ്കലിലാണെന്ന് കോണ്‍ഗ്രസ് നേതാവ് ഹാര്‍ദിക് പട്ടേല്‍ പറഞ്ഞു- “ഗുജറാത്തിലും രാജ്യത്താകെയും സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്ക് എതിരെയാണ് അഹമ്മദാബാദില്‍ റാലി തീരുമാനിച്ചത്. റാലി തുടങ്ങുന്നതിന് രണ്ട് മണിക്കൂര്‍ മുന്‍പ് എന്നെ വീട്ടുതടങ്കലിലാക്കി. 30 പൊലീസുകാരുണ്ടായിരുന്നു. അഞ്ച് മണിക്കൂര്‍ കഴിഞ്ഞാണ് സ്വതന്ത്രനാക്കിയത്. രാജ്യത്തിന്‍റെ പെണ്‍മക്കള്‍ക്കായി ശബ്ദമുയര്‍ത്തുന്നത് കുറ്റമാണോ?”

ഹാഥ്റസ് പെണ്‍കുട്ടിക്ക് നീതി തേടി പ്രതിഷേധം നടത്തുന്നവരെയെല്ലാം തെരഞ്ഞുപിടിച്ച് വേട്ടയാടുകയാണ്. പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാനെത്തിയ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും യു.പി പൊലീസ് കയ്യേറ്റം ചെയ്തിരുന്നു. ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെതിരെ കേസെടുക്കുകയുണ്ടായി. എഎപി എംപി സഞ്ജയ് സിങിന് നേരെ പൊലീസ് നോക്കിനില്‍ക്കെ മഷിയേറ് നടന്നു. പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ അനുവദിക്കാതെ മാധ്യമങ്ങളെയും പൊലീസ് തടഞ്ഞു.