നടക്കുമ്പോഴും ഇരിക്കുമ്പോഴും എഴുന്നേൽക്കുമ്പോഴും പടികൾ കയറുമ്പോഴുമെല്ലാം വേദനയാണോ? മുട്ട് തേയ്മാനമാകാം; ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

0 512

പ്രായമാകുമ്പോൾ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ വേദന അനുഭവപ്പെടുക സർവ്വ സാധാരണമാണ്. ഇതിൽ ഏറ്റവും കൂടുതൽ ആളുകളിൽ കണ്ടുവരുന്ന ഒന്നാണ് മുട്ട് വേദന. നടക്കുമ്പോഴും, ഇരുന്ന് എഴുന്നേൽക്കുമ്പോഴും, പടികൾ കയറുമ്പോഴുമെല്ലാം വലിയ വേദനയാണ് നമുക്ക് അനുഭവപ്പെടുക. ഇതേ തുടർന്ന് വീടിന് മുകളിലെ നിലയിലേക്ക് ലിഫ്റ്റ് വച്ചാലോ എന്നുവരെ നാം ചിന്തിക്കാറുണ്ട്. മുട്ടുകൾക്ക് ഉണ്ടാകുന്ന തേയ്മാനം, നീർവീക്കം എന്നിവയെല്ലാമാണ് പ്രധാനമായും മുട്ട് വേദനയ്‌ക്ക് കാരണമാകുന്നത്.

പണ്ട് പ്രായമായവരിൽ മാത്രമായിരുന്നു മുട്ട് തേയ്മാനം ഉണ്ടായിരുന്നത് എങ്കിൽ ഇന്ന് മദ്ധ്യവയസ്‌കരിലും ഈ അസുഖം കാണപ്പെടുന്നു. ജീവിത ശൈലിയിൽ ഉണ്ടായിട്ടുള്ള മാറ്റമാണ് ഇതിന് കാരണമാകുന്നത്. അമിതമായ ശരീര ഭാരമാണ് പ്രധാനമായും കുട്ടുകളുടെ തേയ്മാനത്തിലേക്ക് നയിക്കുന്ന പ്രധാന ഘടകം. ഓടുമ്പോഴും, നടക്കുമ്പോഴുമെല്ലാം നമ്മുടെ ശരീര ഭാരം താങ്ങുന്നത് മുട്ടുകളാണ് എന്നതാണ് ഇതിന് കാരണം.

പ്രായവും മുട്ടുകൾക്ക് തേയ്മാനം സംഭവിക്കാനുള്ള കാരണമാണ്. ഇതിന് പുറമേ മുട്ടിനേൽക്കുന്ന പരിക്കുകൾ, ഘടനാപരമായ പ്രശ്‌നങ്ങൾ, അണുബാധ, പാരമ്പര്യം, വ്യായാമ കുറവ് എന്നിവയും മുട്ട് തേയ്മാനത്തിലേക്ക് നയിച്ചേക്കാം.

ഇരുന്ന ശേഷം എഴുന്നേൽക്കാൻ ശ്രമിക്കുമ്പോൾ മുട്ടിന് പിടിത്തവും വേദനയും ഉണ്ടാകുക, രാവിലെ ഉറക്കമെഴുന്നേൽക്കുമ്പോൾ വേദന തോന്നുക എന്നിവയെല്ലാമാണ് മുട്ട് തേയ്മാനത്തിന്റെ പ്രധാന ലക്ഷണം. നടക്കുമ്പോൾ മുട്ടിനുള്ളിൽ ശബ്ദം, കാലിന് ബലക്കുറവ് എന്നിവയും മുട്ട് തേയ്മാനത്തിന്റെ ലക്ഷണമാണ്.

ശരിയായ ചികിത്സയിലൂടെയും, ജീവിത ശൈലി മാറ്റുന്നതിലൂടെയും മുട്ട് തേയ്മാനത്തെ നമുക്ക് പ്രതിരോധിക്കാം. ശരീര ഭാരം കുറയ്‌ക്കുക, വ്യായാമം ചെയ്യുക, എല്ലിന് കരുത്ത് നൽകുന്ന ആഹാരം കഴിക്കുക എന്നിവ ചെയ്യുന്നതിലൂടെ മുട്ട് വേദന വരാതെ നോക്കാം. കാർട്ടിലേജ് റിപ്ലേസ്‌മെന്റ്, ഓസ്റ്റിയോട്ടമി, സന്ധി മാറ്റിവയ്‌ക്കൽ തുടങ്ങിയ ശസ്ത്രക്രിയാ രീതികളും മുട്ടുവേദനയ്‌ക്കുണ്ട്.