ഏതെങ്കിലും ഒരു ഡോക്യുമെന്ററി കണ്ടാൽ രാജ്യത്തിന്റെ പരമാധികാരം അപകടത്തിലാവില്ല; അത്ര ദുർബലമാണോ നമ്മുടെ പരമാധികാരം?: ശശി തരൂർ

0 568

തിരുവനന്തപുരം: ബി.ബി.സി ഡോക്യുമെന്ററി രാജ്യത്തിന്റെ പരമാധികാരത്തെ ബാധിക്കുമെന്ന അനിൽ കെ. ആന്റണിയുടെ വാദത്തോട് യോജിപ്പില്ലെന്ന് ശശി തരൂർ എം.പി. അനിൽ ആന്റണി നല്ല ഒരു വ്യക്തിയാണ്. പക്ഷെ അദ്ദേഹത്തിന്റെ നിലപാടിനോട് യോജിപ്പില്ല. വിഷയത്തിൽ അനിലിനോട് സാസാരിച്ചുനോക്കാമെന്നും തരൂർ പറഞ്ഞു.

ആവിഷ്‌കാര സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ ഭാഗമാണ്. അതിനെ വേറെ രീതിയിലാണ് ചിലർ കാണുന്നത്. എല്ലാവർക്കും വ്യക്തിപരമായ അഭിപ്രായമുണ്ടാകും. ഡോക്യുമെന്ററി പ്രദർശിപ്പിക്കരുത് എന്ന നിലപാടിനോട് യോജിപ്പില്ല. ജനങ്ങൾക്ക് അവരുടെ ഇഷ്ടമനുസരിച്ച് കാണാനും വായിക്കാനും സ്വാതന്ത്ര്യമുണ്ട്. ഏതെങ്കിലും ഒരു ഡോക്യുമെന്ററി കണ്ടാൽ രാജ്യത്തിന്റെ പരമാധികാരം അപകടത്തിലാവില്ലെന്നും തരൂർ പറഞ്ഞു.

പണ്ടുകാലത്ത് നടന്ന കാര്യങ്ങളെ കുറിച്ച് മാത്രം സംസാരിച്ചിട്ട് കാര്യമില്ല. 20 വർഷം മുമ്പുള്ള കാര്യങ്ങളാണ് ഇപ്പോൾ ഡോക്യുമെന്ററിയാക്കിയത്. ഈ കേസ് സുപ്രിംകോടതി തന്നെ തീർപ്പാക്കിയതാണ്. അതുകൊണ്ട് തന്നെ ഉള്ളടക്കം വലിയ ചർച്ച ചെയ്യേണ്ട കാര്യമില്ലെന്നും തരൂർ പറഞ്ഞു.

കേന്ദ്രസർക്കാർ ഡോക്യുമെന്ററിക്കെതിരെ നിലപാട് സ്വീകരിച്ചിരുന്നില്ലെങ്കിൽ ഇപ്പോൾ ഉണ്ടായ വിവാദം ഉണ്ടാവുമായിരുന്നില്ല. എന്തുകൊണ്ടാണ് സർക്കാർ ഡോക്യുമെന്ററി കാണാൻ പാടില്ലെന്ന നിലപാട് സ്വീകരിച്ചത് എന്നറിയില്ല. അത് അനാവശ്യമായ കാര്യമായാണ് തനിക്ക് തോന്നുന്നതെന്നും ശശി തരൂർ പറഞ്ഞു.