സത്യത്തിൽ പൊറോട്ട ഇത്ര അപകടകാരിയാണോ? വായിക്കാം

0 1,074

‘അപ്പൊ അതിങ്ങനെ തുറന്നിട്ട്, അതീന്നൊരു തവി കൊണ്ട് കുറച്ച് ബീഫ് റോസ്‌റ്റെടുത്ത് പ്ലേറ്റിലേക്കിട്ട് നല്ല മൊരിഞ്ഞൊരു പൊറോട്ടയെടുത്ത് അതീന്നൊരു ചെറിയ പീസിങ്ങനെ കീറിയെടുത്ത് ചാറില് മുക്കി ഒരു ബീഫിന്റെ കഷ്ണമിങ്ങനെ പൊതിഞ്ഞെടുത്ത്… ഇങ്ങനെ കഴിച്ചാൽ…. എനിക്കിപ്പം പൊറോട്ടേം ബീഫ് റോസ്റ്റും വേണം’…

മലയാളികൾ പൊറോട്ട കഴിക്കുന്നത് എങ്ങനെയെന്ന് ഗോദ സിനിമയിൽ നടൻ ടൊവീനോ പറയുന്ന രംഗമാണിത്. ആ രംഗം തീരുംമുമ്പെ ശരാശരി മലയാളിയുടെ വായിൽ കപ്പലോടിക്കാനുള്ള വെള്ളമുണ്ടാകും. അത്രയ്ക്കുണ്ട് മലയാളിയും പൊറോട്ടയും തമ്മിലുള്ള ആത്മബന്ധം.

മലയാളിക്ക് ദേശീയ ഭക്ഷണം എന്നു വിളിക്കാവുന്ന ഒരു വിഭവമേ ഉള്ളൂ. അത് പൊറോട്ടയാണ്. എന്നാൽ ഭൂമി മലയാളത്തിൽ ഇത്രയും കുറ്റപ്പെടുത്തലുകളും പഴിയും കേട്ട മറ്റൊരു വിഭവവുമില്ല. അതിന് ഒരേയൊരു കാരണം. പൊറാട്ടയുണ്ടാക്കുന്നത് മൈദയിൽ നിന്നാണ്!

പച്ചക്കുതിര സിനിമയിൽ നടൻ സലിംകുമാർ അതു വരച്ചിടുന്നത് ഇങ്ങനെ; ‘ മോനേ, ഇതാണ് പൊറോട്ടേം ഇറച്ചീം. ഇത് ഞങ്ങള് ഇന്ത്യയ്ക്കാരുടെ ദേശീയ ഭക്ഷണാണ്. ഇത് ജർമനീല് കിട്ടൂലാ… ഇത് ശുദ്ധമായ മൈദ മാവിൽ ഉണ്ടാക്കുന്നു. പ്രധാനമായും രണ്ട് കാര്യങ്ങൾക്കാണ് മൈദ മാവ് ഉപയോഗിക്കുന്നത്. ഒന്ന് സിനിമാ പോസ്റ്ററൊട്ടിക്കാനും മറ്റൊന്ന് പൊറോട്ടയുണ്ടാക്കാനും’.

പൊറോട്ടയുടെ പ്രശ്‌നം ഇതിൽ നിന്നു തന്നെ മനസ്സിലായി! ഒരു ഗുണവുമില്ലാത്ത മൈദ കൊണ്ടുണ്ടാക്കുന്ന പൊറോട്ട രുചിക്കു മാത്രമേ ഉപകരിക്കൂ എന്നതാണ് വാദം.

സത്യത്തിൽ ഈ പൊറോട്ട ഇത്ര അപകടകാരിയാണോ? അല്ലെന്നാണ് ഇന്ത്യൻ വിഭവങ്ങളിൽ പരീക്ഷണവും പഠനവും നടത്തുന്ന ക്രഷ് അശോക് പറയുന്നത്. ഓൺലൈൻ മാധ്യമമായ ദ പ്രിന്റിലെഴുതിയ ലേഖനത്തിലാണ് മൈദയെ കുറിച്ചുള്ള മിഥ്യാധാരണകൾ ക്രിഷ് പൊളിച്ചെഴുതുന്നത്. ‘മസാല ലാബ്: ദി സയൻസ് ഓഫ് ഇന്ത്യൻ കുക്കിങ്’ എന്ന പുസ്തകത്തിന്റെ കർത്താവാണ് ക്രിഷ്. പുസ്തകത്തിൽ നിന്നുള്ള ഒരു ഭാഗമാണ് പ്രിന്റ് പ്രസിദ്ധീകരിച്ചത്.

ക്രിഷ് അശോകിന്റെ മസാല ലാബ്: ദി സയൻസ് ഓഫ് ഇന്ത്യൻ കുക്കിങ് എന്ന പുസ്തകത്തിന്റെ പുറംചട്ട
നൂറു ഗ്രാം വേവിച്ച പരിപ്പിന് തുല്യമായ പ്രോട്ടീനാണ് നൂറു ഗ്രാം മൈദയിൽ ഉള്ളത് എന്ന് ക്രിഷ് പറയുന്നു. നേർത്തു പൊടിച്ച ഗോതമ്പു പൊടിയുടെ ഉപോൽപ്പന്നമാണ് മൈദ. ഗോതമ്പിന്റെ എൻഡോസ്‌പെം ഘടകം പൊടിച്ചാണ് മൈദയുണ്ടാക്കുന്നത്. ഗോതമ്പിൽ നിന്നുള്ള മറ്റൊരു ഉത്പന്നം ആട്ടയാണ്. തൊടുമ്പോൾ പരുക്കനായ പൊടിയാണ് ആട്ട. മൈദ മിനുസമുള്ളതും.

ശുദ്ധമായ കാർബോഹൈഡ്രേറ്റ് മാത്രമാണ് മൈദയിൽ ഉള്ളത് എന്നാണ് പൊറോട്ട വിരുദ്ധരുടെ വാദം. കൂടിയ അളവിൽ കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം കഴിച്ചാൽ അത് ശരീരത്തിന്റെ മെറ്റബോളിക് പ്രവർത്തനത്തെ ബാധിക്കുന്നു, തടി കൂടാൻ കാരണമാകുന്നു എന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. അതേസമയം, പോഷകങ്ങളുടെ സമൃദ്ധമായ ഉറവിടമാണ് ആട്ടയെന്നും ക്രിഷ് ചൂണ്ടിക്കാട്ടുന്നു.