സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

0 668

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മലയോര മേഖലകളിൽ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. എന്നാൽ ഇന്നൊരു ജില്ലയിലും മഴമുന്നറിയിപ്പുകൾ നൽകിയിട്ടില്ല.

ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. കേരളകർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് തടസമില്ല.

അതേസമയം, ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ ഷട്ടറുകൾ വീണ്ടും തുറന്നു. 9 ഷട്ടറുകൾ 30 സെൻറീമീറ്റർ ഉയർത്തിയിട്ടുണ്ട്. 5668 ഘനയടി വെള്ളമാണ് സെക്കൻഡിൽ പുറത്തേക്ക് ഒഴുക്കുന്നത്.

141.90 അടിയാണ് മുല്ലപ്പെരിയാർ അണക്കെട്ടിലെ നിലവിലെ ജലനിരപ്പ്. ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുകയാണ്.

ഇന്നലെ ജലനിരപ്പ് 141.85 അടിയായി കുറഞ്ഞതോടെ എട്ട് ഷട്ടറുകൾ അടച്ചിരുന്നു. പരമാവധി സംഭരണശേഷിയിലേക്ക് ജലനിരപ്പ് എത്തുന്നതിന് മുൻപേ മുന്നറിയിപ്പ് നൽകിയാണ് തമിഴ്‌നാട് ഇന്നലെ വെള്ളം തുറന്നു വിട്ടത്.