സെക്രട്ടേറിയറ്റിലെ അസിസ്റ്റന്‍റ് മുതലുള്ള ഉദ്യോഗസ്ഥരുടെ ഇ-ഓഫിസ് ലോഗിൻ ദിവസങ്ങൾ അടിസ്ഥാനമാക്കി ശമ്പളം നൽകാൻ പൊതുഭരണവകുപ്പ് നിർദേശം
സെക്രട്ടേറിയറ്റിലെ അസിസ്റ്റന്‍റ് മുതലുള്ള ഉദ്യോഗസ്ഥരുടെ ഇ-ഓഫിസ് ലോഗിൻ ദിവസങ്ങൾ അടിസ്ഥാനമാക്കി ശമ്പളം നൽകാൻ പൊതുഭരണവകുപ്പ് നിർദേശം. ലോഗിൻ ദിനങ്ങൾ കുറവാണെങ്കിൽ അതിനനുസരിച്ച് ശമ്പളം കുറവു ചെയ്യണമെന്നാണ് നിർദേശം. മെയ് 1 മുതലുള്ള ശമ്പളത്തിൽ ഇത് പ്രാബല്യത്തിൽ വരുത്തണമെന്നും പൊതുഭരണ സെക്രട്ടറിയുടെ കുറിപ്പിൽ വ്യക്തമാക്കുന്നു. ധനകാര്യവകുപ്പ് അഡീ.ചീഫ് സെക്രട്ടറിക്കാണ് കുറിപ്പു നൽകിയത്.
അതേസമയം, നിർദേശത്തിനെതിരെ ജീവനക്കാരുടെ സംഘടനകൾ രംഗത്തെത്തി. പൊതുഗതാഗത സൗകര്യം ഇല്ലാതെ ജീവനക്കാർ എങ്ങനെ ഓഫിസിലെത്തി ഇ–ലോഗിൻ ചെയ്യുമെന്ന് അവർ ചോദിക്കുന്നു. അണ്ടർ സെക്രട്ടറി മുതലുള്ള ഉദ്യോഗസ്ഥർക്കാണ് ലാപ്ടോപ്പിൽ ഇ–ലോഗിൻ സൗകര്യം നൽകിയിട്ടുള്ളത്. തലസ്ഥനത്തിന്റെ പ്രാന്തപ്രദേശങ്ങളിൽനിന്നും കൊല്ലം ജില്ലയിൽനിന്നും വരുന്നവരാണ് ഉദ്യോഗസ്ഥരിലേറെയും. ശമ്പളം വെട്ടിക്കുറയ്ക്കുന്ന നിലപാടിലേക്കു സർക്കാർ പോകരുതെന്നും സംഘടനകൾ ആവശ്യപ്പെടുന്നു.