പലിശയ്ക്കുമേൽ പലിശ ഈടാക്കുന്നതിൽ അർഥമില്ല:സുപ്രീംകോടതി

0 602

പലിശയ്ക്കുമേൽ പലിശ ഈടാക്കുന്നതിൽ അർഥമില്ല:സുപ്രീംകോടതി

ന്യൂഡൽഹി:വായ്പ തിരിച്ചടവുകൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ച കാലയളവിൽ പലിശയ്ക്കുമേൽ പലിശ ഈടാക്കുന്നതിന് യോഗ്യതയില്ലെന്ന് സുപ്രീംകോടതി വാക്കാൽ നിരീക്ഷിച്ചു. എല്ലാം ബാങ്കുകൾക്ക് വിട്ടുകൊടുത്ത് മിണ്ടാതിരിക്കുന്നതിന് പകരം സർക്കാർ ഇക്കാര്യത്തിൽ ഇടപെടേണ്ടതാണെന്നും ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി

മൊറട്ടോറിയം പ്രഖ്യാപിച്ചാൽ അതിന്റെ ലക്ഷ്യം സാക്ഷാത്കരിക്കണം. പലിശയ്ക്കുമേൽ പലിശ ഈടാക്കുന്നതിൽ അർഥമില്ലെന്നും കോടതി പറഞ്ഞു. മൊറട്ടോറിയം കാലത്ത് പലിശ ഈടാക്കുന്നതിനെതിരേ ഗജേന്ദ്ര ശർമ നൽകിയ ഹർജിയാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.
പലിശ പൂർണമായും ഒഴിവാക്കുന്നത് എളുപ്പമല്ലെന്ന് കേന്ദ്രത്തിനും റിസർവ് ബാങ്കിനും വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. ബാങ്കുകളിൽ 133 ലക്ഷം കോടിയുടെ നിക്ഷേപമുണ്ട്. ബാങ്കുകൾ അതിന് പലിശ നൽകേണ്ടതുമാണ്. എന്നിരിക്കെ മൊറട്ടോറിയം കാലത്ത് വായ്പകൾക്ക് പലിശ ഒഴിവാക്കുന്നത് വലിയ പ്രതിസന്ധിയുണ്ടാക്കുമെന്നും മേത്ത ചൂണ്ടിക്കാട്ടി. തുടർന്ന് വിഷയം പുനഃപരിശോധിക്കാൻ കേന്ദ്രത്തോടും റിസർവ് ബാങ്കിനോടും ആവശ്യപ്പെട്ടുകൊണ്ട് കേസ് ഓഗസ്റ്റ് ആദ്യവാരത്തിലേക്ക് മാറ്റി