ബാബരി മസ്ജിദ് തകർക്കപ്പെട്ടിട്ട് ഇന്ന് 29 വർഷം

0 810

ബാബരി മസ്ജിദ് തകർക്കപ്പെട്ടിട്ട് ഇന്നേക്ക് 29 വർഷങ്ങൾ. 1992 ഡിസംബർ 6 നാണ് ബിജെപിയും വിശ്വഹിന്ദു പരിഷത്തും അടങ്ങുന്ന സംഘപരിവാർ സംഘടനകളുടെയും ശിവസേനയുടെയും കർസേവകർ ബാബരി മസ്ജിദ് തകർത്തത്. സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ ഉപഭുഖണ്ഡത്തിന്റെ രാഷ്ട്രീയാന്തരീക്ഷത്തെ ഏറ്റവുമധികം സ്വാധീനിച്ച ഒരു നിർമ്മിതിയാണ് ബാബരി മസ്ജിദ്.

ബാബരി മസ്ജിദിന്റെ മിഹ്റാബിൽ നിന്നുള്ള ഒരു ചെറുമന്ത്രണം പോലും പള്ളിക്കുള്ളിൽ 200 അടി അകലെ നിന്നാലും വ്യക്തമായി കേൾക്കാനാവുമായിരുന്നു. ബാബരി മസ്ജിദിന്റെ നിർമ്മാണ ചാരുതിയെക്കുറിച്ച് ബ്രിട്ടീഷ് വാസ്തുവിദ്യാ വിദഗ്ധൻ ഗ്രേയം പിക്ഫോഡ് പറഞ്ഞതാണ് ഇക്കാര്യം. ആധുനിക വാസ്തുവിദ്യാ ശാസ്ത്രത്തെ ഇന്നും വിസ്മയിപ്പിക്കുന്ന നിരവധി സവിശേഷതകളുള്ള ആ മസ്ജിദിനെച്ചൊല്ലിയുയർന്ന ഒരു വിദ്വേഷമന്ത്രമാണ് ഇന്നും ആയിരക്കണക്കിന് കിലോമീറ്ററുകൾ അലയടിച്ച് ഇന്ത്യയുടെ വർത്തമാനകാലത്തെ നിർണ്ണയിച്ചുകൊണ്ടേയിരിക്കുന്നത്.

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ആദ്യ മുഗൾ ചക്രവർത്തി ബാബറിന്റെ സേനാ നായകനായിരുന്ന മീർ ബാഖി 1528 ലാണ് ബാബരി മസ്ജിദ് നിർമിച്ചത്. മസ്ജിദ് നിലകൊള്ളുന്നത് രാമജന്‍മഭൂമിലെ ക്ഷേത്രനിര്‍മിതിക്ക് മേലാണ് എന്ന വാദത്തെ അടിസ്ഥാനമാക്കി മസ്ജിദിനെതിരായ നടന്ന ആക്രമസംഭവം ആദ്യമായി രേഖപ്പെടുത്തപ്പെടുന്നത് 1853 ലാണ് . 1934 ൽ പള്ളി നിൽ‍ക്കുന്ന സ്ഥലത്തെച്ചൊല്ലി വീണ്ടും സംഘർഷമുണ്ടാവുകയും പള്ളിയുടെ മതിലും താഴികക്കുടവും തകർപ്പെടുകയും ചെയ്തു. ബ്രി‌ട്ടീഷുകാർ ഇവ പുനർനിർമിച്ചു.

ബ്രിട്ടീഷുകാർ ഇന്ത്യ വിട്ട ശേഷമാണ് ബാബരിമസ്ജിദ് ഭൂമിയെക്കുറിച്ചുളള തർക്കത്തിലെ ഏറ്റവും സുപ്രധാനമായ വഴിത്തിരിവുണ്ടാകുന്നത്. 1949 ൽ ഹിന്ദുമഹാസഭാ അംഗങ്ങൾ ബാബരി മസ്ജിദിനുള്ളിൽ രാമവിഗ്രഹങ്ങൾ ഒളിപ്പിച്ചു കടത്തി. വിഷയം വീണ്ടും കോടതിയിലെത്തി. മസ്ജിദ് സ്ഥലം തർക്കഭൂമിയായി പ്രഖ്യാപിച്ച സർക്കാർ ഗേറ്റ് താഴിട്ട് പൂട്ടി. അതുവരെ സാമുദായികമായിരുന്ന രാമജൻമഭൂമി അവകാശവാദം 1984 ൽ രാഷ്ട്രീയ വിഷയമായി. സംഘപരിവാർ സംഘടനയായ വിഎച്പി മസ്ജിദ് ഭൂമിയിൽ ക്ഷേത്ര നിർമാണം നടത്തുമെന്ന് പ്രഖ്യാപിച്ചു. ബിജെപി നേതാവായ എൽ കെ അദ്വാനി പ്രക്ഷോഭത്തിന്റെ നേതാവായി. 1986 ൽ‍ ജില്ലാ ജഡ്ജി മസ്ജിദിന്റെ താഴുകൾ ഹിന്ദു ആരാധനയ്ക്കായി തുറക്കാൻ ഉത്തരവിട്ടു. പ്രതിരോധത്തിനായി ബാബരി കർമസിമിതിയും രൂപീകരിക്കപ്പെട്ടു. 1989 ൽ പ്രധാനമന്ത്രി രാജീവ് ഗാന്ധി അനുമതി നൽകിയതിനെത്തുടർന്ന് മസ്ജിദ് പരിസരത്ത് വിഎച്പി ക്ഷേത്രത്തിന് തറക്കല്ലിട്ടു.

1990 ൽ വിഎച്പി പ്രവർത്തകർ പള്ളിയിലേക്ക് അതിക്രമിച്ചു കയറി മിനാരത്തിനുമുകളിൽ കൊടിനാട്ടി. അന്നത്തെ ഉത്തർപ്രദേശ് മുഖ്യമന്ത്രി മുലായം സിംഗ് യാദവ് ശക്തമായ നിലപാടെടുക്കുകയും പള്ളി സംരക്ഷിക്കപ്പെടുകയും ചെയ്തു. പക്ഷേ ഉത്തർപ്രദേശ് വർഗീയ സംഘർഷത്താൽ വിറകൊണ്ടു. 1991 ൽ ബിജെപി പാർലമെന്റിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ഉത്തർപ്രദേശിൽ അധികാരത്തിലും എത്തി. 1992 ഡിസംബർ 6ന് അദ്വാനി, മുരളി മനോഹർ ജോഷി, ഉമാഭാരതി തുടങ്ങിയവരുടെ നേത‌ത്വത്തിൽ സംഘപരിവാർ സംഘടനകളുടേയും ശിവസേനയുടെയും പ്രവർത്തകരടങ്ങുന്ന ലക്ഷക്കണക്കിന് കർസേവകർ ബാബറി മസ്ജിദ് തകർത്തു. കല്യാൺ സിംഗിന്റെ നേതൃത്തിലുള്ള യുപി ബിജെപി സർക്കാർ അക്രമം തടയാൻ കാര്യമായി ഒന്നും ചെയ്തില്ല. തുടർന്ന് രാജ്യവ്യാപകമായി കലാപങ്ങളും വംശഹത്യകളുമുണ്ടായി. ആയിരങ്ങൾ കൊല്ലപ്പെട്ടു.

 

1992 ഡിസംബർ 16 ന് നരസിംഹറാവു സർക്കാർ ബാബരി മസ്ജിദ് തകർക്കൽ കേസ് അന്വേഷണത്തിന് ലിബറാൻ കമ്മീഷൻ രൂപീകരിച്ചു. 17 വർഷങ്ങൾ കഴിഞ്ഞ് 2009 ൽ ലിബറാൻ കമ്മീഷൻ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. അടൽ ബിഹാരി വാജ്പേയി, എൽ കെ അദ്വാനി, ഉമാഭരതി, കല്യാൺ സിംഗ്, വിജ‌യാരെജ സിന്ധ്യ തുടങ്ങി നിരവധി ബിജെപി നേതാക്കൾ കുറ്റക്കാരാണെന്ന് കണ്ടെത്തി. 2019 നവംബർ 9ന് സുപ്രീംകോടതി ബാബരി മസ്ജിദ് കേസിൽ ഐകകണ്ഠേന വിധി പ്രഖ്യാപിച്ചു. ബാബരിമസ്ജിദ് നിലനിന്ന സ്ഥലം കേസിലെ കക്ഷികളായ ഹിന്ദു സംഘടകൾക്ക് നൽകി. പള്ളി നിർമിക്കാനായി കേസിലെ ഏറ്റവും വലിയ മുസ്ലിം സംഘടനയായ സുന്നി വഖഫ് ബോഡിന് അഞ്ചേക്കർ സ്ഥലം നൽകാനും ഉത്തവിട്ടു.