‘അന്ന് അതെന്‍റെ ഉത്തരവാദിത്തമായിരുന്നു’: പഴയ മോദി ട്വീറ്റില്‍ പ്രതികരണവുമായി ഖുശ്ബു

0 521

ഡല്‍ഹി: മോദി എന്നതിന്‍റെ അര്‍ഥം അഴിമതി എന്നാക്കി മാറ്റാമെന്ന തന്‍റെ പഴയ ട്വീറ്റ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുത്തിപ്പൊക്കിയതോടെ പ്രതിരോധത്തിലാണ് ബി.ജെ.പി നേതാവ് ഖുശ്ബു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്രമാത്രം നിരാശരാണെന്ന് തന്‍റെ പഴയ ട്വീറ്റ് ഉയർത്തിക്കാട്ടുന്നതിലൂടെ വ്യക്തമാണെന്ന് ഖുശ്ബു പ്രതികരിച്ചു.

“ഞാൻ കോൺഗ്രസില്‍ ആയിരുന്നപ്പോൾ പോസ്റ്റ് ചെയ്ത ‘മോദി’ ട്വീറ്റിന്‍റെ പേരില്‍ ലജ്ജിക്കുന്നില്ല. ഞാൻ നേതാവിനെ പിന്തുടരുകയും ആ പാർട്ടിയുടെ ഭാഷ സംസാരിക്കുകയുമാണ് ചെയ്തത്. കോണ്‍ഗ്രസ് വക്താവ് എന്ന നിലയിലുള്ള ഉത്തരവാദിത്തമാണ് ചെയ്തത്”- ഖുശ്ബു വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് പ്രതികരിച്ചു.

മോദി പരാമര്‍ശത്തിന്‍റെ പേരില്‍ രാഹുല്‍ ഗാന്ധിക്ക് രണ്ട് വര്‍ഷം തടവുശിക്ഷ കോടതി വിധിക്കുകയും പിന്നാലെ അദ്ദേഹത്തെ അയോഗ്യനാക്കുകയും ചെയ്ത സാഹചര്യത്തിലാണ് മോദിയെ കുറിച്ചുള്ള ഖുശ്ബുവിന്‍റെ സമാനമായ ട്വീറ്റ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുത്തിപ്പൊക്കിയത്. 2018ല്‍ ഖുശ്ബു ട്വീറ്റ് ചെയ്തതിങ്ങനെ- “മോദി എന്നതിന്റെ അര്‍ത്ഥം നമുക്ക് അഴിമതി എന്ന് മാറ്റാം. നീരവ്, ലളിത്, നമോ = അഴിമതി” എന്നായിരുന്നു ഖുശ്ബുവിന്‍റെ ട്വീറ്റ്.

രാഹുലിനെതിരെ അപകീര്‍ത്തി കേസ് നല്‍കിയ ബി.ജെ.പി സൂറത്ത് വെസ്റ്റ് എം.എല്‍.എ പൂര്‍ണേഷ് മോദി ഖുശ്ബുവിനെതിരെ പരാതി നല്‍കുമോ എന്ന് ചോദിച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പഴയ ട്വീറ്റ് കുത്തിപ്പൊക്കിയത്. ഖുശ്ബുവിന്റെ പഴയ ട്വീറ്റിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് ചോദ്യം ഉയര്‍ത്തിയത്.