മണിക്കൂറുകൾ നീണ്ട ആശങ്കകൾക്കൊടുവിലാണ് മലമ്പുഴ ചെറാട് മലയിൽ കുടുങ്ങിയ ബാബുവിനെ സൈന്യം രക്ഷിച്ചത്. എന്നാൽ രക്ഷപ്പെട്ടതിന് പിന്നാലെ ബാബു രക്തം ഛർദിച്ചത് ജനങ്ങളെ ആശങ്കരാക്കിയിരുന്നു. എന്നാൽ ഇതിൽ വ്യക്തത വരുത്തിയിരിക്കുകയാണ് ബാബു. താൻ രക്തമല്ല, മാതളമാണ് ഛർദിച്ചതെന്നും സൈന്യം തെറ്റിദ്ധരിച്ചതാണെന്നും ബാബു മാധ്യമങ്ങളോട് പറഞ്ഞു.
‘രക്ഷാപ്രവർത്തകർ കഴിക്കാൻ മാതളം തന്നിരുന്നു. ഛർദിച്ചപ്പോൾ ആദ്യം വന്നത് ഈ മാതളമാണ്. അത് രക്തമാണെന്ന് സൈന്യം തെറ്റിദ്ധരിച്ചു’- ബാബു പറഞ്ഞു. ‘ഇനി ആരും ഇങ്ങനെ ആവർത്തിക്കരുത്. പറഞ്ഞിട്ട് പോകണം. പെർമിഷൻ എടുത്ത് വേണം കയറാൻ. വെള്ളം കൈയിൽ കരുതുന്നത് ഉൾപ്പെടെ അതിന് വേണ്ട തയാറെടുപ്പുകൾ നടത്തണം’- ബാബു കൂട്ടിച്ചേർത്തു.
ഫുട്‌ബോൾ കളിക്കാൻ പോയിരിക്കുകയാണെന്നാണ് ബാബു വീട്ടിൽ പറഞ്ഞത്. ആരും രക്ഷപ്പെടുത്താൻ വന്നില്ലായിരുന്നുവെങ്കിൽ സ്വയം താഴേക്ക് ഇറങ്ങി വരാൻ ശ്രമിച്ചേനെയെന്ന് ബാബു പ്രതികരിച്ചു. ആശുപത്രി വിട്ടതിന് പിന്നാലെയായിരുന്നു ബാബുവിന്റെ പ്രതികരണം.
‘കൂട്ടുകാരാണ് വാടാന്ന് പറഞ്ഞ് കൂട്ടിക്കൊണ്ട് പോയത്. തിരിച്ചിറങ്ങുന്നതിനിടെ കാൽ തെറ്റി വീഴുകയായിരുന്നു. രാത്രിയും പേടിയുണ്ടായിരുന്നില്ല. ആരെങ്കിലും രക്ഷപ്പെടുത്തുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. താഴെ ആളുകൾ കൂടി നിൽക്കുന്നത് കാണാമായിരുന്നു. മലയിൽ കുടുങ്ങിയപ്പോഴും വീട്ടിൽ പറഞ്ഞത് ഫുട്‌ബോൾ കളിക്കാൻ പോയിരിക്കുകയാണെന്നാണ്. കാൽ മുറിഞ്ഞത് വീട്ടിൽ പറഞ്ഞ് അവരെ ബുദ്ധിമുട്ടിക്കുന്നത് തെറ്റല്ലേ? പിന്നെ അവിടെയിരുന്ന് ഫയർ ഫോഴ്‌സിനെ വിളിച്ചു അവര് രക്ഷിക്കുമെന്ന് ഉറപ്പായിരുന്നു. അവർ എത്തിയില്ലെങ്കിൽ താഴേക്ക് ഇറങ്ങി വന്ന് രക്ഷപ്പെടാം, അതിനുള്ളിൽ അവർ വന്നാൽ രക്ഷപ്പെടുമല്ലോ എന്ന് കരുതിയിരുന്നു. ഹേമന്ദ് സാറിന്റെ സംഘമാണ് രക്ഷപ്പെടുത്തിയത്. അവരെന്നെ കാണാൻ വരാമെന്ന് പറഞ്ഞിട്ടുണ്ട്. സൈന്യത്തിൽ താത്പര്യമുണ്ടെങ്കിൽ ചേരണമെന്ന് അവർ പറഞ്ഞു’- ബാബു പറയുന്നു.
ചെറാട് കുർമ്പാച്ചി മലയിലെ പാറയിടുക്കിൽ കുടുങ്ങിയ ബാബുവിനെ 43 മണിക്കൂറുകൾക്ക് ശേഷം സൈന്യമാണ് വ്യാഴാഴ്ച ഉച്ചയോടെ രക്ഷപ്പെടുത്തിയത്.തുടർന്ന് ഹെലികോപ്ടറിൽ കഞ്ചിക്കോട് ഹെലിപാഡിലെത്തിച്ച ബാബുവിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കേരളം ഇതുവരെ കാണാത്ത രക്ഷാദൗത്യത്തിനാണ് ഫെബ്രുവരി 9ന് സാക്ഷ്യം വഹിച്ചത്.
നേരത്തെ ബാബുവിനെതിരെ കേസെടുക്കുമെന്ന് വനംവകുപ്പ് അറിയിച്ചിരുന്നു. എന്നാൽ മന്ത്രിയുടെ ഇടപെടലിനെ തുടർന്ന് നടപടി വേണ്ടെന്ന് വയ്ക്കുകയായിരുന്നു. കേസ് ഒഴിവാക്കിയതിൽ വകുപ്പ് മന്ത്രിയോട് ബാബുവിന്റെ ഉമ്മ നന്ദി പറഞ്ഞു. തങ്ങളെ ബുദ്ധിമുട്ടിക്കാതെ കേസിൽ നിന്ന് ഒഴിവാക്കിയ മന്ത്രിക്ക് കോടാനുകോടി നന്ദിയെന്നാണ് ബാബുവിന്റെ ഉമ്മ റഷീദ പ്രതികരിച്ചത്. കേസെടുത്തേയ്ക്കും എന്ന വാർത്തകൾ അറിഞ്ഞപ്പോൾ മാനസിക ബുദ്ധിമുട്ടുണ്ടായതായും അവർ പറഞ്ഞു. ഈ പ്രശ്‌നത്തിന്റെ പേരിൽ ബാബുവിനെയും കുടുംബത്തെയും ബുദ്ധിമുട്ടിക്കില്ലെന്നാണ് മന്ത്രി അറിയിച്ചത്. കേസെടുക്കുന്നതിനോട് പൊതു സമൂഹത്തിന് യോജിപ്പില്ല. അതേ നിലപാടിനൊപ്പം തന്നെയാണ് സർക്കാരെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.