കമ്പ്യൂട്ടർ കാണാത്ത വിദ്യാർഥികൾ, ശമ്പളമില്ലാതെ അധ്യാപകർ ഇതുവരെ അടച്ചുപൂട്ടിയത് 298 ബദൽ സ്കൂളുകൾ

0 128

 

കേളകം: നാലാംക്ലാസ് വിദ്യാർഥി ഇതുവരെ കമ്പ്യൂട്ടർ കാണാത്ത സാഹചര്യം കേരളത്തിലെ സ്കൂളുകളിലുണ്ടെന്നു പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമാണ്. എന്നാൽ സംസ്ഥാനത്തെ 266 ബദൽ സ്കൂളുകളിലെ(ഏകാധ്യാപക വിദ്യാലയം) 4704 വിദ്യാർഥികളുടെ യാഥാർഥ്യം ഇതാണ്. ഇതിൽ നാലായിരത്തോളം പേരും ആദിവാസി വിഭാഗങ്ങളിൽപ്പെട്ടവർ. അതുകൊണ്ടു തന്നെ ഇത്തരം വിദ്യാലയങ്ങൾ ഇന്നടച്ചുപൂട്ടലിന്റെ വക്കിലാണ്. അടിസ്ഥാന സൗകര്യങ്ങളില്ലാത്ത കെട്ടിടങ്ങളും വർഷം മുഴുവൻ യൂണിഫോം പോലും കൃത്യമായി ലഭിക്കാത്ത വിദ്യാർഥികളുമാണ് പല ബദൽ സ്കൂളുകളിലുമുള്ളത്. മറ്റു പ്രൈമറി വിദ്യാലയങ്ങളിലേതുപോലെ പഠനോത്സവങ്ങളോ പഠനയാത്രകളോ ഒന്നും ഇതുവരെ അനുഭവിക്കാത്ത വിദ്യാർഥികളാണിവർ.
1997-ലാണ് സർക്കാർ ബദൽ സ്കൂളുകൾ ആരംഭിക്കുന്നത്. 30 കുട്ടികൾക്ക് ഒരധ്യാപകൻ, കൂടുതലായാൽ രണ്ടു പേർ എന്ന നിരക്കിൽ അധ്യാപകരെയും നിയമിച്ചു.
2000-മായപ്പോഴേക്കും 564 സ്കൂളുകൾ ഉണ്ടായിരുന്നു. എന്നാൽ ഇന്ന് 266 സ്കൂളുകൾ മാത്രമാണുള്ളത്. ബാക്കി 298 സ്കൂളുകൾ അടച്ചുപൂട്ടി. ഇതോടെ അധ്യാപക-വിദ്യാർഥി അനുപാതത്തിലും മാറ്റം വന്നു. 11 ജില്ലകളിലാണിപ്പോൾ ബദൽ സ്കൂളുകളുള്ളത്. കൂടുതൽ ഇടുക്കി ജില്ലയിലും. 62 എണ്ണം. എന്നാൽ 75 അധ്യാപകരുണ്ട്. 78 സ്കൂളുകളിൽ നിന്നുമാണ് 62-ൽ എത്തി നിൽക്കുന്നത്. മലപ്പുറത്ത് 45 സ്കൂളുകളും 77 അധ്യാപകരുമാണുള്ളത്. തുടക്കത്തിൽ ഇവിടെ 78 സ്കൂളുകൾ ഉണ്ടായിരുന്നു. വയനാട്ടിൽ 32 സ്കൂളുകളും 39 അധ്യാപകരും. 54 സ്കൂളുകൾ തുടക്കത്തിലുണ്ടായിരുന്നു. കാസർകോട് 52-71. തുടക്കത്തിൽ 72 സ്കൂളുകളാണുണ്ടായിരുന്നത്. പത്തനംതിട്ടയിൽ ഒമ്പത് ബദൽ സ്കൂളുകളുണ്ടായിരുന്നതിൽ ഒന്നുപോലും പ്രവർത്തിക്കുന്നില്ല. പൂട്ടുന്നതനുസരിച്ച് മറ്റു സ്കൂളുകളിലേക്ക് അധ്യാപകരെ മാറ്റുകയാണ് സർക്കാർ ചെയ്യുന്നത്. കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന അധ്യാപകർക്ക് ശമ്പളം കിട്ടിയിട്ടും അഞ്ചു മാസം പിന്നിട്ടു. 2016 വരെ 5000 രൂപ മാത്രമായിരുന്നു മാസവേതനം. ഇപ്പോഴത് 18.500 രൂപയാണ്.

ജില്ല, ബദൽ സ്കൂളുകളുടെയെണം, അധ്യാപകരുടെയെണം എന്ന ക്രമത്തിൽ.
തിരുവനന്തപുരം – 13,14.
കൊല്ലം – 2, 2.
ഇടുക്കി – 62, 75.
എർണാകുളം – 5, 5.
തൃശൂർ – 1, 1.
പാലക്കാട് – 25, 26.
മലപ്പുറം – 45, 77.
കോഴിക്കോട് – 15, 15.
വയനാട് – 32, 39.
കണ്ണൂർ – 14, 16.
കാസർകോട് – 52, 71.

സംസ്ഥാനത്തെ ബദൽ സ്കൂളുകളിൽ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ല. മറ്റു സ്കൂളുകളിൽ ആധുനിക സൗകര്യങ്ങൾ വരെയുള്ളപ്പോൾ ഇത്തരം സ്കൂളുകളിലെ കുട്ടികളെ അവയ്ക്ക് പുറത്തു നിർത്തുന്നത് ശരിയല്ല. എൽ.പി. സ്കൂളുകളായി ഉയർത്തുകയോ, കമ്പ്യൂട്ടർ അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കുകയാേ മറ്റു സ്കൂളുകളിലേക്ക് വിദ്യാർഥികളെ മാറ്റുകയോ വേണം. മറ്റു സ്കൂളുകളിലേക്ക് വിദ്യാർഥികളെ മാറ്റുമ്പോൾ അധ്യാപകരുടെ തൊഴിൽ നഷടമാകരുത്. യോഗ്യതകൾക്കനുസരിച്ച് അവരെ സർക്കാർ സർവീസുകളിൽ നിയമിക്കണം. പലരും 20 വർഷമായി ബദൽ വിദ്യാലയങ്ങളിൽ ജോലി ചെയ്യുന്നവരാണ്. നിലവിൽ അഞ്ചുമാസമായി ശമ്പളം ലഭിച്ചിട്ടില്ല. ഇതിന് വേഗത്തിൽ പരിഹാരമുണ്ടാക്കണം. – അനിൽകുമാർ കരിപ്പോടി(സംസ്ഥാന സെക്രട്ടറി, ആൾട്ടർനേറ്റീവ് സ്കൂൾ ടീച്ചേഴ്സ് യൂണിയൻ).

Get real time updates directly on you device, subscribe now.