ഇത് എനിക്ക് പുനർജന്മമാണ്, ഞാൻ വീഴുന്നത് കാണാൻ കാത്തിരിക്കുന്നവരുണ്ട്, അവർക്ക് സന്തോഷിക്കാൻ എന്റെ വേദനകളെ പങ്കുവെയ്‌ക്കില്ല: കങ്കണ
ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയായി കങ്കണ റണാവത് വേഷമിടുന്ന ചിത്രമാണ് ‘എമർജൻസി’. ചിത്രത്തിന്റേതായി പുറത്തുവന്ന പോസ്റ്ററുകളും ടീസറുമെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്ദിരാ ഗാന്ധിയായുള്ള കങ്കണയുടെ മേക്കോവർ അതിശയിപ്പിക്കുന്നതായിരുന്നു. കങ്കണ തന്നെയാണ് ചിത്രത്തിന്റെ സംവിധാനവും കഥയും നിർമ്മാണവും നിർവഹിക്കുന്നത്. ഇപ്പോഴിതാ, ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാനിച്ചുവെന്ന് അറിയിച്ചിരിക്കുകയാണ് നടി. സിനിമയുടെ ചിത്രീകരണ വേളയിൽ നിരവധി ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നുവെന്നും അതൊന്നും പങ്കുവെയ്‌ക്കാതിരുന്നത് താൻ തളരുന്നത് കാണാൻ കാത്തിരിക്കുന്നവർക്ക് സന്തോഷം നൽകേണ്ട എന്ന് തീരുമാനിച്ചതിനാലാണെന്നും പറയുകയാണ് കങ്കണ.
‘ഒരു നടിയെന്ന നിലയിൽ ഞാൻ ‘എമർജൻസി’ ഇന്ന് അവസാനിപ്പിക്കുമ്പോൾ, എന്റെ ജീവിതത്തിലെ മഹത്തായ ഒരു ഘട്ടം അതിന്റെ പൂർണ്ണമായ പൂർത്തീകരണത്തിലേക്ക് കടക്കുകയാണ്. ഞാൻ സുഖകരമായി യാത്ര ചെയ്തുവെന്ന് തോന്നുമെങ്കിലും സത്യം അതിൽ നിന്ന് വളരെ അകലെയാണ്. എന്റെ എല്ലാ സ്വത്തുക്കൾ പണയപ്പെടുത്തിയതു മുതൽ, ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളിൽ എനിക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതടക്കം വളരെയധികം പ്രയാസങ്ങളിലൂടെയാണ് ഞാൻ കടന്നു പോയത്. പ്രതികൂല കാലാവസ്ഥയിൽ സിനിമ എടുക്കുക എന്നത്, ഒരു വ്യക്തി എന്ന നിലയിൽ എന്റെ സ്വഭാവം കഠിനമായി പരീക്ഷിക്കപ്പെട്ടു. എന്റെ വികാരങ്ങളെക്കുറിച്ച് ഞാൻ തുറന്ന് പറഞ്ഞിട്ടുണ്ട്. പക്ഷേ ഞാൻ ഇക്കാര്യങ്ങളൊന്നും പങ്കുവെച്ചില്ല. ഞാൻ വീഴുന്നത് കാണാൻ തീവ്രമായി ആഗ്രഹിക്കുന്നവരും എന്നെ കഷ്ടപ്പെടുത്താൻ എല്ലാം ചെയ്യുന്നവരും എനിക്ക് ചുറ്റുമുണ്ട്. അവർക്ക് സന്തോഷിക്കുന്നതിന് എന്റെ വേദനകളെ പങ്കുവെയ്‌ക്കാൻ ഞാൻ തയ്യാറല്ലായിരുന്നു’.
‘നിങ്ങളുടെ സ്വപ്നങ്ങൾക്കായി, നിങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങൾക്കായി കഠിനാധ്വാനം ചെയ്താൽ മാത്രം മതിയെന്ന് നിങ്ങൾ വിശ്വസിക്കുന്നുവെങ്കിൽ അത് തെറ്റാണ്. നിങ്ങൾ ഒരു കാര്യം ചിന്തിക്കുക, നിങ്ങൾ യോഗ്യനാണെങ്കിലും നിങ്ങൾക്ക് കഠിനമായി പ്രവർത്തിക്കേണ്ടി വരും. നിങ്ങളുടെ പരിധിക്കപ്പുറം നിങ്ങൾ പരീക്ഷിക്കപ്പെടും, നിങ്ങൾ തകർക്കപ്പെടും. നിങ്ങൾക്ക് കഴിയുന്നത് വരെ നിങ്ങളെത്തന്നെ കാത്തു സൂക്ഷിക്കുക. ജീവിതം നിങ്ങളെ ഒഴിവാക്കിയാൽ നിങ്ങൾ ഭാഗ്യവാന്മാരാണ്. എന്നാൽ നിങ്ങളെ ജീവിതം തകർത്തുവെങ്കിൽ അത് ആഘോഷിക്കൂ. എന്തെന്നാൽ, അപ്പോഴാണ് നിങ്ങൾക്ക് പുനർജനിക്കാൻ സാധിക്കുക. ഇത് എനിക്ക് ഒരു പുനർജന്മമാണ്, മുമ്പെങ്ങുമില്ലാത്ത വിധം ഞാൻ ജീവിച്ചിരിക്കുന്നതായി തോന്നുന്നു. എനിക്കുവേണ്ടി ഇത് സാധ്യമാക്കിയതിന് എന്റെ അസാമാന്യ കഴിവുള്ള ടീമിന് നന്ദി. എന്നെപ്പറ്റി തിരക്കുന്നവർ അറിഞ്ഞു വെയ്‌ക്കുക, ഞാൻ ഇപ്പോൾ സുരക്ഷിതമായ സ്ഥലത്താണ്. ഞാൻ ഇല്ലായിരുന്നുവെങ്കിൽ ഞാൻ ഇതൊന്നും പങ്കിടില്ലായിരുന്നു. ദയവായി വിഷമിക്കേണ്ട, എനിക്ക് നിങ്ങളുടെ അനുഗ്രഹവും സ്നേഹവും മാത്രമേ ആവശ്യമുള്ളൂ’ എന്നാണ് കങ്കണ ഫേയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്.